എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് ടി.പി. ഗായത്രിക്ക്

കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണപുസ്തകരചനയ്ക്കുള്ള ഈ വര്‍ഷത്തെ എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് പത്രപ്രവര്‍ത്തകയായ ടി. പി. ഗായത്രിക്ക്. മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ആണ് ഗായത്രി. മൂന്നാര്‍ തേയിലത്തോട്ടം മേഖലയിലെ സ്ത്രീത്തൊഴിലാളികളുടെ അധ്വാനവും അതിജീവനവും സംബന്ധിച്ച പഠന ഗ്രന്ഥം രചിക്കുന്നതിനാണ് ഫെലോഷിപ്പ്. 50,000 രൂപയാണ് ഫെല്ലോഷിപ്പ് തുക.

2021 ല്‍ അന്തരിച്ച, ‘ദ ഹിന്ദു’ സ്റ്റേറ്റ് ബ്യൂറോ ചീഫ് എസ്. അനില്‍ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേര്‍ന്നാണ് ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയത്.
കേരളത്തിലെ വിവിധ വികസന മേഖലകളിലെ പഠനങ്ങള്‍ക്കായി ഈ വര്‍ഷം ലഭിച്ച പ്രൊപ്പോസലുകളില്‍ നിന്ന് കേരള സര്‍വകലാശാല ജേണലിസം വകുപ്പു മുന്‍മേധാവി പ്രൊഫ. വി. വിജയകുമാര്‍, കേരള രാജ്ഭവന്‍ മുന്‍ പി.ആര്‍.ഒ. എസ്.ഡി. പ്രിന്‍സ്, പി.ആര്‍.ഡി. മുന്‍ അഡീഷണല്‍ ഡയറക്ടര്‍ പി.എസ്.രാജശേഖരന്‍, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍ ഷില്ലര്‍ സ്റ്റീഫന്‍, സെക്രട്ടറി അനുപമ ജി. നായര്‍, എസ്.എസ്.കെ. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ്.എസ്. സിന്ധു, എന്നിവരടങ്ങിയ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

വൈക്കം സ്വദേശിനിയായ ടി.പി. ഗായത്രി 2002 മുതല്‍ പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നു. ‘ കൊളുന്ത് : ഒരു പെണ്‍ സമരത്തിന്റെ ആത്മഭാഷണം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
