Fincat

മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടർ; ആകെ 36,18,851 വോട്ടർമാർ

മലപ്പുറം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വാനാഥ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 11 ന് (വ്യാഴം) രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക്‌പോള്‍ നടക്കും. പോളിങ് സാമഗ്രികളുടെ വിതരണം നാളെ (ഡിസംബര്‍ 10 ബുധന്‍) രാവിലെ മുതല്‍ നടക്കും. ജില്ലയില്‍ 15 ബ്ലോക്കുകളിലും 12 മുന്‍സിപ്പാലിറ്റികളിലുമായി 27 സ്വീകരണ, വിതരണ കേന്ദ്രങ്ങളാണുള്ളത്.

1 st paragraph

ജില്ലയില്‍ 17,40,280 പുരുഷന്‍മാരും 18,78,520 സ്ത്രീകളും 51 ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പെടെ 36,18,851 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹരായി ജില്ലയിലുള്ളത്. മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ (പായിംപാടം) ഒരു സ്ഥാനാര്‍ഥി മരണപ്പെട്ടതിനാല്‍ ഈ വാര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്. 94 ഗ്രാമപഞ്ചായത്തുകളിലായി 29,91,292 വോട്ടര്‍മാരും (പുരുഷന്‍- 14,38,848, സ്ത്രീകള്‍- 15,52,408, ട്രന്‍സ്ജെന്‍ഡര്‍ 36) 12 നഗരസഭകളിലായി 6,27,559 വോട്ടര്‍മാരും (പുരുഷന്‍- 3,01,432 സ്ത്രീകള്‍- 3,26,112, ട്രന്‍സ്ജെന്‍ഡര്‍ 15) ആണുള്ളത്. 517 പ്രവാസികള്‍ ഗ്രാമപഞ്ചായത്തിലും 85 പേര്‍ മുന്‍സിപ്പാലിറ്റിയിലും വോട്ടര്‍മാരായുണ്ട്. 94 ഗ്രാമപഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, 12 മുന്‍സിപ്പാലിറ്റികള്‍ എന്നിവയുള്‍പ്പെടെയുള്ള ജില്ലയിലെ 122 തദ്ദേശ സ്ഥാപനങ്ങളിലെ 2789 (മാറ്റിവെച്ചത് ഉള്‍പ്പെടെ) വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 8381 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 4363 പുരുഷന്‍മാരും 4018 സ്ത്രീകളുമുള്‍പ്പെടുന്നു. ഗ്രാമപഞ്ചായത്തിലെ 2001 വാര്‍ഡുകളിലേയ്ക്കായി 2887 സ്ത്രീകളും 3115 പുരുഷന്‍മാരുമുള്‍പ്പെടെ 6002 പേരാണ് ജനവിധി തേടുന്നത്. 250 ബ്ലോക്ക് പഞ്ചായത്തു ഡിവിഷനുകളിലേക്കായി 383 സ്ത്രീകളും 436 പുരുഷന്‍മാരുമുള്‍പ്പെടെ 819 സ്ഥാനാര്‍ഥികളുണ്ട്. 505 നഗരസഭ ഡിവിഷനുകളിലേക്ക് 693 സ്ത്രീകളും 741 പുരുഷന്‍മാരുമുള്‍പ്പെടെ 1434 പേര്‍ മത്സരിക്കുന്നു.

തെരഞ്ഞെടുപ്പിനായി 4343 പോളിങ് സ്റ്റേനുകളാണ് ജില്ലയില്‍ സജ്ജമാക്കിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ 3777 ഉം മുന്‍സിപ്പാലിറ്റിയില്‍ 566 ഉം ബൂത്തുകളുണ്ട്. 203 ലൊക്കേഷനുകളിലായി 295 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 277 സെന്‍സിറ്റീവ്, 18 ഹൈപ്പര്‍ സെന്‍സിറ്റീവ് ബൂത്തുകളിലാണിത്. പൂര്‍ണമായും വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ്. 15,260 ബാലറ്റ് യൂണിറ്റുകളും 5600 കണ്‍ട്രോള്‍ യൂണിറ്റുമാണ് ജില്ലയില്‍ ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തു തലത്തില്‍ 14,490 ബാലറ്റ് യൂണിറ്റുകളും 4830 കണ്‍ട്രോള്‍ യൂണിറ്റുകളും മുന്‍സിപ്പാലിറ്റിയില്‍ 770 വീതം കണ്‍ട്രോള്‍-ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. നഗരസഭയില്‍ ഒന്നും ഗ്രാമ പഞ്ചായത്തുകളില്‍ മൂന്നും ബാലറ്റ് യൂണിറ്റുകളാണുപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ബാലറ്റ് യൂണിറ്റിന് വെള്ള നിറവും ബ്ലോക്ക് പഞ്ചായത്തിന് പിങ്ക് നിറവും ജില്ലാ പഞ്ചായത്തിന് ഇളം നീല നിറവുമാണ്. മുന്‍സിപ്പാലിറ്റികളിലുപയോഗിക്കുന്ന ബാലറ്റ് യൂണിറ്റിന് വെള്ള നിറമാണുള്ളത്.

2nd paragraph

ആകെ 20,848 പോളിങ് ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. 4343 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും 8686 പോളിങ് ഓഫീസര്‍മാരും വിവിധ പോളിങ് ബൂത്തുകളില്‍ ഡ്യൂട്ടിയിലുണ്ടാവും. 869 വീതം പ്രിസൈഡിങ്, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, 1738 പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ റിസര്‍വിലുമുണ്ടാവും.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമാധാനപരമായ നടത്തിപ്പിനായി 7000 ത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ 2000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ജില്ലകളിലെ ബറ്റാലിയനുകളില്‍ നിന്നായി 3000 ല്‍പരം പൊലീസുദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ ലോക്കല്‍ പൊലീസിന് പുറമെ ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, എക്‌സൈസ്, ഫോറസ്റ്റ്, മോട്ടോര്‍ വാഹന വകുപ്പ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഉദ്യോഗസ്ഥരെയും ഹോം ഗാര്‍ഡുമാരെയും നിയോഗിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി 1618 പേരെയും ബൂത്തുകളിലെ സൂരക്ഷാചുമതലയില്‍ നിയോഗിക്കുന്നുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പുള്ള സമയം മുതല്‍ (ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം ആറു മുതല്‍ 11 ന് വൈകുന്നേരം ആറു വരെ) മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട. ജില്ലയിലെ 27 സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ വിവിധ ഡി.വൈ.എസ്.പി.മാരുടെ കീഴില്‍ പൊലീസിന്റെ ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട. പോളിങ് സാമഗ്രികള്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പോളിങ് ബൂത്തിലേക്കും പോള്‍ ചെയ്ത ഇ.വി.എമ്മുകള്‍ സൂരക്ഷിതമായി തിരികെയും എത്തിക്കും. പോളിങ് ബൂത്തുകളിലും ഡി.വൈ.എസ്.പി.മാരുടെ കീഴില്‍ സൂരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ടെടുപ്പ് ദിവസം പഞ്ചായത്തുകളില്‍ പോളിങ് സ്റ്റേഷന് 200 മീറ്റര്‍ അകലത്തിലും മുന്‍സിപ്പാലിറ്റികളില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കാവൂ. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍, വെബ്കാസ്റ്റിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും പോളിങ് സ്റ്റേഷനുകള്‍ക്കകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ല.

അന്ധത മൂലമോ മറ്റ് ശാരീരിക അവശത മൂലമോ ഒരു സമ്മതിദായകന് ചിഹ്നം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുന്നതിനുള്ള ബട്ടണ്‍ അമര്‍ത്തുന്നതിനോ വോട്ടിങ് മെഷീനിലെ ബാലറ്റ് ബട്ടണോട് ചേര്‍ന്നുള്ള ബ്രയില്‍ ലിപി സ്പര്‍ശിച്ച് വോട്ട് ചെയ്യുന്നതിനോ പരസഹായം കൂടാതെ കഴിയുകയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യം വരുന്ന പക്ഷം, വോട്ടര്‍ക്ക് അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ചും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്യുന്നതിന് 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള ഒരു സഹായിയെ കൊണ്ടുപോകാന്‍ അനുവദിക്കും. അത്തരം അവസരത്തില്‍ സമ്മതിദായകന്റെ ഇടത് ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കൈയ്യിലെ ചൂണ്ടു വിരലില്‍ മഷി പുരട്ടും.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നോട്ട രേഖപ്പെടുത്താന്‍ സാധിക്കുകയില്ല. എന്നാല്‍ ഒരു സമ്മതിദായകന് ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ ഏതെങ്കിലും ഒരു തലത്തില്‍ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് തീരുമാനിച്ചാല്‍ അയാള്‍ക്ക് താത്പര്യമുള്ള തലത്തിലെ വോട്ട് മാത്രം രേഖപ്പെടുത്തിയശേഷം അവസാന ബാലറ്റിലെ ‘എന്‍ഡ്’ ബട്ടണ്‍ പ്രസ് ചെയ്ത് വോട്ടിംഗ് അവസാനിപ്പിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം.

വാര്‍ത്താസമ്മേളനത്തില്‍ പൊതു നിരീക്ഷകന്‍ പി.കെ.അസിഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി.ആര്‍. ജയന്തി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.