നിശാക്ലബ്ബ് തീപിടിത്തം; ലുത്ര സഹോദരന്മാര്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ്; മറ്റൊരു ക്ലബ് പൊളിക്കും

പനാജി: ഗോവയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബിലെ തീപിടിത്തത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ.നിശാക്ലബ് ഉടമകളായ ലുത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്ലബ് കൂടി പൊളിച്ചുകളയാൻ ഗോവ സർക്കാർ തീരുമാനിച്ചു.
ഇവരുടെ മറ്റൊരു ക്ലബ്ബായ റോമിയോ ലെയിൻ വഗേറ്റർ പൊളിച്ചുമാറ്റാൻ ഇതിനകം തന്നെ പഞ്ചായത്ത് അധികൃതർ നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇതിനുപുറമെ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കായി സർക്കാർ ബ്ലൂ കോർണർ നോട്ടീസും ഇറക്കിയിട്ടുണ്ട്. തീപിടിത്തം ഉണ്ടായതിന് പിന്നാലെ ഇരുവരും രാജ്യം വിട്ടിരുന്നു. നിലവില്‍ ഇവർ തായ്‌ലൻഡില്‍ ഉണ്ടെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന വിവരം.

നിശാക്ലബ്ബില്‍ തീപിടിത്തം ഉണ്ടാകുമ്ബോള്‍ ഇരുവരും ഡല്‍ഹിയിലെ വസതിയില്‍ ഉണ്ടായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഡിസംബർ ഏഴിന് പുലർച്ചെയാണ് ഇവർ തായ്‌ലന്റിലേക്ക് രക്ഷപ്പെട്ടത്. അവിടെയുള്ള ഫുകെറ്റ് റിസോർട്ടില്‍ ഇരുവരും എത്തിയിരുന്നു. എന്നാല്‍ അധികൃതരുടെ പരിശോധന മനസിലാക്കി ഇരുവരും അവിടെനിന്ന് കടന്നുകളഞ്ഞു.
തീപിടിത്തത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങളാണ് ഉടമകളായ ലുത്ര സഹോദരന്മാർക്കെതിരെ ഉയർന്നുവന്നത്. തീരദേശ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, ടൗണ്‍ ആൻഡ് കണ്‍ട്രി പ്ലാനിങ് ഓഫിസ് എന്നീ വകുപ്പുകള്‍ നല്‍കിയ അന്ത്യശാസനങ്ങളെയെല്ലാം വകവെയ്ക്കാതെയാണ് ഇരുവരും ക്ലബ് നടത്തിയിരുന്നത്. അപകടത്തെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്ന ചില ആക്ടിവിസ്റ്റുകളെ ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. രവി ഹർമല്‍ക്കർ എന്ന ആക്ടിവിസ്റ്റ് ഇരുവർക്കുമെതിരെ ഒരിക്കല്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ക്ലബ് പൊളിക്കാൻ ഉത്തരവ് വന്നെങ്കിലും താത്കാലിക രൂപത്തില്‍ ക്ലബ് പ്രവർത്തനം തുടരുകയായിരുന്നു.

ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു നിശാക്ലബില്‍ തീപിടുത്തമുണ്ടായത്. 25 പേരാണ് മരിച്ചത്. അനുവാദമില്ലാതെ പണിതതിനെ തുടര്‍ന്ന് ക്ലബ് പൊളിക്കണമെന്ന് കാണിച്ച് പഞ്ചായത്തില്‍ നിന്നും നോട്ടീസ് നല്‍കിയിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതര്‍ തന്നെ ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സര്‍പഞ്ചിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി നിരവധിയാളുകള്‍ എത്തിയിരുന്നു.തീപിടിത്തത്തിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനും ഗവണ്‍മെന്റിനുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
