വിനോദസഞ്ചാര മേഖലയിലെ മികച്ച പ്രവര്‍ത്തനം; വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് സ്വന്തമാക്കി ബഹ്റൈൻ തലസ്ഥാനം

ആഗോള ടൂറിസം മേഖലയിലെ അന്താരാഷ്ട്ര ബഹുമതിയായ വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് സ്വന്തമാക്കി ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ.വേള്‍ഡ്സ് ലീഡിങ് ബിസിനസ് ട്രാവല്‍ ഡെസ്റ്റിനേഷന്‍’ ആയാണ് മനാമയെ തെരഞ്ഞെടുത്തത്. ടൂറിസം മേഖലയിലെ ശ്രദ്ധേയമയ പ്രവര്‍ത്തനത്തിലൂടെയാണ് വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് എന്ന അന്താരാഷ്ട്ര ബഹുമതിക്ക് ബഹ്‌റൈന്‍ തലസ്ഥാനം അര്‍ഹമായത്. കണ്‍വെന്‍ഷനുകള്‍, എക്സിബിഷനുകള്‍, ആഗോള മീറ്റിങ്ങുകള്‍ ഇന്‍സെന്റീവുകള്‍, എന്നിവ നടത്തുന്നതിലുള്ള രാജ്യത്തിന്റെ മികവിനാണ് അംഗീകാരം.
എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സിന്റെ ഫൈനലില്‍ രാജ്യത്തിനകത്തും പുറത്തും നിന്നായി വിനോദസഞ്ചാരമേഖലയിലെ 300 പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ ആദരിച്ച 120 വിജയികളില്‍ 110 പേര്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നും 10 പേര്‍ ബഹ്‌റൈനില്‍ നിന്നുമുള്ളവരായിരുന്നു. 2022-2026 കാലഘട്ടത്തില്‍ ടൂറിസം സ്ട്രാറ്റജിയുമായി യോജിച്ചുകൊണ്ട് പ്രധാന അന്താരാഷ്ട ഇവന്റുകള്‍ സംഘടിപ്പിക്കുന്നതില്‍ മുന്നിട്ടുനിന്ന എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈന്‍ നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി.

ബഹ്‌റൈനിലെ മികച്ച കണ്‍വെന്‍ഷന്‍ സെന്റര്‍, ലോകത്തിലെ മുന്‍നിര വിവാഹവേദി, ആഗോള തലത്തിലെ മുന്‍നിര എംഐസിഇ ഇവന്റ് വേദി എന്നീ അവാര്‍ഡുകളാണ് എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈന്‍ നേടിയത്. രാജ്യത്തെ ടൂറിസം മേഖലക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രിയും ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി ചെയര്‍പേഴ്‌സനുമായ ഫാതിമ ബിന്‍ത് ജഅ്ഫര്‍ അസ്സൈറഫി പറഞ്ഞു.
വിനോദസഞ്ചാര-ബിസിനസ് മേഖലകളിലെ വികസനം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ നേട്ടങ്ങള്‍ സഹായിക്കുമെന്നും പൈതൃകം, ആതിഥ്യമര്യാദ, നൂതന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ബഹ്‌റൈനിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സഹായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ എയര്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് ബഹ്റൈന്‍ ദേശീയ വിമാനക്കമ്ബനിയായ ഗള്‍ഫ് എയറിനും വിമാന വ്യവസായത്തിന് നല്‍കിയ മികച്ച സംഭാവനക്കുള്ള ബഹുമതി ചടങ്ങില്‍ സമര്‍പ്പിച്ചു. വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സിന്റെ സ്ഥാപകനായ ഗ്രഹാം കുക്ക്, ബഹ്‌റൈനെ അഭിനന്ദിക്കുകയും വിജയികള്‍ക്ക് ആശംസ നേരുകയും ചെയ്തു.

