റിയാദില്‍ നിന്നും ദോഹയിലേക്ക് വെറും രണ്ട് മണിക്കൂര്‍: അതിവേഗ ഇലക്‌ട്രിക് റെയിലുമായി ഖത്തറും സൗദി അറേബ്യയും

സൗദി അറേബ്യയുടെയും ഖത്തറിന്റെയും സംയുക്ത സഹകരണത്തില്‍ പുതിയൊരു അതിവേഗ ഇലക്‌ട്രിക് റെയില്‍ പദ്ധതി വരികയാണ്.റിയാദിനും ദോഹയ്ക്കുമിടയിലെ യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ 30,000-ത്തിലധികം തൊഴിലവസരങ്ങളും പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും.
ഏകദേശം 785 കിലോമീറ്റർ ദൈർഘ്യമാണ് റെയില്‍വെ പാതയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. അല്‍-ഹഫൂഫ്, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. കൂടാതെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവുമായി റെയില്‍വെ പാതയെ ബന്ധിപ്പിക്കും. പ്രതിവർഷം 10 ലക്ഷം യാത്രക്കാരെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സൗദി, ഖത്തർ മേഖലകളിലെ സാംസ്കാരിക, വാണിജ്യ കേന്ദ്രങ്ങളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തില്‍ എത്താൻ അവസരം നല്‍കുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇതിലൂടെ പ്രദേശിക വ്യാപാരവും വിനോദസഞ്ചാരവും വർദ്ധിക്കുമെന്നും ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം റിയാദില്‍ വെച്ചാണ് സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അതിവേഗ റെയില്‍പാത കരാറില്‍ ഒപ്പുവെച്ചത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അല്‍താനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാനും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സുസ്ഥിര സഹകരണത്തിന്റെ വലിയ കാല്‍വെയ്പ്പായും പദ്ധതിയെ കാണുന്നു. ഈ പദ്ധതി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസന ശ്രമങ്ങള്‍ സംയോജിപ്പിക്കുന്നതിനും മേഖലയിലുടനീളം സുസ്ഥിര വളർച്ച മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഒരു തന്ത്രപരമായ കാല്‍വയ്പ്പാണെന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു.

