സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കണം; ഇടക്കാല ജാമ്യാപേക്ഷയുമായി ഉമര്‍ ഖാലിദ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇടക്കാല ജാമ്യം തേടി ജെഎൻയു സർവകലാശാല മുൻ വിദ്യാർത്ഥി ഉമർ ഖാലിദ്.സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ഇടക്കാല ജാമ്യം തേടിയത്. ഡല്‍ഹിയിലെ കർക്കദൂമ കോടതിയിലാണ് അപേക്ഷ നല്‍കിയത്. അപേക്ഷ ഡിസംബർ 11ന് പരിഗണിക്കാനായി അഡീഷണല്‍ സെഷൻസ് ജഡ്ജ് സമീർ ബാജ്‌പേയ് ഷെഡ്യൂള്‍ ചെയ്തു.
ഡിസംബർ 27ന് നടക്കുന്ന സഹോദരിയുടെ വിവാഹത്തിനായി ഡിസംബർ 14 മുതല്‍ 29 വരെ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ വർഷം ഡിസംബറില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഉമർ ഖാലിദിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ഉമർ ഖാലിദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കവെ ഡല്‍ഹി പൊലീസ് ജാമ്യത്തെ എതിർക്കുകയും ഖാലിദിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ജാമ്യാപേക്ഷയില്‍ സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്.
2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലാചന, കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

