മകന്‍ കരള്‍ പകുത്ത് നല്‍കിയിട്ടും അമ്മയെ രക്ഷിക്കാനായില്ല; മരണം ശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച്

മലപ്പുറം: കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിന് മകന്‍ കരള്‍ പകുത്ത് നല്‍കിയെങ്കിലും തൊട്ടുപിന്നാലെയുണ്ടായ മഞ്ഞപ്പിത്തത്തെ തുടർന്ന് മരണത്തിന് കീഴടങ്ങി. മലപ്പുറം സൗത്ത് അന്നാര മുണ്ടോത്തിയില്‍ സുഹറയാണ് (61) മരിച്ചത്. മകൻ ഇംതിയാസ് റഹ്‌മാനാണ് കരൾ പകുത്തു നൽകിയത്.

കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സുഹറയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമായിരുന്നു. പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചാണ് മരണം സംഭവിച്ചത്. തിരൂരിലെ ഗ്ലാസ് പ്ലൈവുഡ് സ്ഥാപനമായ നാഷനല്‍ ഗ്ലാസ് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ് ഇംതിയാസ് റഹ്‌മാന്‍.
കരള്‍ നല്‍കുന്നതിനായി ഓപ്പറേഷന് വിധേയനായി പരിപൂര്‍ണ വിശ്രമത്തിലായിരിക്കുമ്പോഴാണ് മാതാവിന്‍റെ വിയോഗ വിവരം ഇംതിയാസ് റഹ്‌മാന്‍ അറിയുന്നത്. തിരികെ ജീവിതത്തിലേക്ക് എന്ന് ആശ്വസിച്ചിരിക്കുമ്പോൾ സംഭവിച്ച മരണം കുടുംബത്തിനാകെ കനത്ത ആഘാതമായി. ഭർത്താവ്: അബ്ദുറഹ്‌മാന്‍ ഹാജി. മകള്‍: റുക്സാന. മരുമക്കള്‍: ലത്തീഫ് കരേക്കാട്, ഫാസില അന്നാര.

