ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകര്‍

പാലക്കാട്: ട്രെയിനില്‍ സുരക്ഷാ നിർദേശങ്ങള്‍ ലംഘിച്ച് ശബരിമല തീര്‍ത്ഥാടകരുടെ യാത്ര. വിശാഖപട്ടണം-കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി.ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്. ട്രെയിനിലെ മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിച്ചു.
ദക്ഷിണ റെയില്‍വേ ട്രെയിനിലെ കര്‍പ്പൂരം കത്തിച്ചുളള പൂജ വിലക്കിയിരുന്നു. കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് മറ്റ് യാത്രക്കാരുടെ ആവശ്യം.

പടക്കങ്ങള്‍, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടർ, സ്റ്റവ്വ്, തീപ്പെട്ടി, സിഗരറ്റ് എന്നിവ ട്രെയിനില്‍ കൊണ്ടുപോകരുതെന്ന് റെയില്‍വേ നേരത്തെ നിർദേശം നല്‍കിയിരുന്നു. ഉത്സവസീസണ്‍ ആയതിനാല്‍ യാത്രക്കാർ സ്വാഭാവികമായി കയ്യില്‍ കരുതിയേക്കാവുന്ന സാധനങ്ങളാണ് റെയില്‍വേ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്. അത്യാഹിതങ്ങള്‍ ഒഴിവാക്കാനാണ് അത്തരമൊരു നിർദേശം റെയില്‍വേ നല്‍കിയത്.
