അമിത് ഷാ ഇന്നലെ പരിഭ്രാന്തനായിരുന്നു, കൈകള്‍ വിറച്ചു, തെറ്റായ ഭാഷ പ്രയോഗിച്ചു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരെ വീണ്ടും വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.അമിത് ഷാ തന്റെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷാ കഴിഞ്ഞ ദിവസം പരിഭ്രാന്തനായിരുന്നുവെന്നും സംസാരത്തിനിടെ അദ്ദേഹത്തിന്റെ കൈകള്‍ വിറച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷാ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും തെറ്റായ ഭാഷ പ്രയോഗിച്ചുവെന്നും അദ്ദേഹത്തെ താന്‍ നേര്‍ക്കുനേര്‍ സംവാദത്തിന് വെല്ലുവിളിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
‘അമിത് ഷാ ഇന്നലെ വളരെ പരിഭ്രാന്തനായിരുന്നു. അദ്ദേഹം മോശം ഭാഷ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ കൈകള്‍ വിറയ്ക്കുകയായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. അത് ഇന്നലെ എല്ലാവരും കണ്ടതാണ്. ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു ചോദ്യത്തിന് പോലും വ്യക്തമായ ഉത്തരം നല്‍കിയില്ല. ഒരു തെളിവുപോലും കയ്യിലുണ്ടായിരുന്നില്ല. എന്റെ വാർത്താ സമ്മേളനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചതാണ്. എനിക്ക് ഉത്തരം ലഭിച്ചില്ല’: രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്നലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും അമിത് ഷായും തമ്മില്‍ ലോക്സഭയില്‍ വാഗ് വാദമുണ്ടായിരുന്നു. വോട്ട് കൊളളയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സംവാദത്തിന് രാഹുല്‍ അമിത് ഷായെ വെല്ലുവിളിച്ചു. അതിന് താന്‍ എന്ത് സംസാരിക്കണം എന്ന് താനാണ് തീരുമാനിക്കുക എന്നായിരുന്നു അമിത് ഷായുടെ മറുപടി. ജനാധിപത്യത്തെ കോണ്‍ഗ്രസ് അട്ടിമറിച്ചെന്നും ചില കുടുംബങ്ങള്‍ തലമുറകളായി വോട്ട് മോഷ്ടിക്കുന്നവരാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പദവിയിലിരിക്കെ എടുക്കുന്ന ഏത് നടപടിക്കും എന്തുകൊണ്ടാണ് നിയമപരിരക്ഷ നല്‍കിയതെന്ന് ആദ്യം മറുപടി നല്‍കണമെന്ന് രാഹുല്‍ തിരിച്ച് അമിത് ഷായോട് ആവശ്യപ്പെട്ടു. തന്റെ വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് ചില തെരഞ്ഞെടുത്ത ഉദാഹരണങ്ങള്‍ മാത്രമാണ് ആഭ്യന്തരമന്ത്രി വിശദീകരിച്ചതെന്നും മൂന്ന് വാർത്താസമ്മേളനങ്ങളിലും ഉന്നയിച്ച വിഷയങ്ങള്‍ പാർലമെന്റില്‍ ചർച്ച ചെയ്യാൻ വെല്ലുവിളിക്കുന്നു എന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

