നരച്ച മുടിയുള്ളവരാണോ? മാരകമായ കാന്‍സര്‍ കോശങ്ങള്‍ പടരാതിരിക്കാനാണ് മുടി നരയ്ക്കുന്നതെന്ന് പഠനം

മുടി നരയ്ക്കാന്‍ തുടങ്ങുമ്പോള്‍ സമ്മര്‍ദ്ദം, പ്രായം എന്നിവയെയൊക്കെ ആളുകള്‍ കുറ്റപ്പെടുത്തുന്നത് സാധാരണമാണ്. നിങ്ങളുടെ മുടിയുടെ നര പതിവിലും കൂടുതലായി കാണുന്നുണ്ടോ? എന്നാലിതിനെ വെറും മുടിയുടെ പ്രശ്‌നമായി മാത്രം കാണേണ്ടതില്ല. ജപ്പാനില്‍ നിന്നുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് നരച്ചമുടിയുടെ കോശങ്ങള്‍ ഒരു ജൈവ കവചമായി പ്രവര്‍ത്തിക്കുന്നു എന്നാണ്. അതായത് മാരകമായ കാന്‍സറില്‍ നിന്നുള്ള സംരക്ഷണമായികൂടി ഈ മുടിനരയ്ക്കലിനെ കാണാമെന്നാണ് പുതിയ ഗവേഷണ പഠനം സൂചിപ്പിക്കുന്നത്. നിങ്ങളുടെ ശരീരം കാന്‍സറില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഒരു നല്ല സൂചനയായിരിക്കാം ഇത്.

നേച്ചര്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിവിധ പാരിസ്ഥിതിക ഘടകങ്ങള്‍ കാരണം നമ്മുടെ കോശങ്ങള്‍ പതിവായി ജെനോടോക്‌സിക് ഇന്‍സള്‍ട്ട് (genotoxic insults) അല്ലെങ്കില്‍ ഡിഎന്‍എ കേടുപാടുകള്‍ക്ക് വിധേയമാകുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുന്നു. ഇതനുസരിച്ച് കോശങ്ങള്‍ പ്രായമാകുന്നതിനും കാന്‍സറിന്റെ വികാസത്തിനും കാരണമാകും. മുടിയുടെ പിഗ്മെന്റിന് കാരണമായ മെലനോയിഡ് സ്റ്റെം സെല്ലുകള്‍ സ്വയം ഒരു ജൈവകവചമായി പ്രവര്‍ത്തിക്കും. ട്യൂമര്‍ തടയാനായി പിഗ്മെന്റ് കോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയും കാന്‍സറിനെ തടയുകയും ചെയ്യുന്നുവെന്ന് പഠനം കണ്ടെത്തി. ചര്‍മ്മത്തിന്റെയും മുടിയുടെയും നിറത്തിനും കാരണമാകുന്ന പിഗ്മെന്റായ മെലാനിന്‍ ഉത്പാദിപ്പിക്കുന്ന പ്രത്യേക ചര്‍മ്മ കോശങ്ങളായ മെലനോസൈറ്റുകളില്‍നിന്നാണ് പ്രധാനമായും ചര്‍മ്മത്തില്‍ കാണപ്പെടുന്ന ഒരുതരം കാന്‍സറായ മെലനോമ ഉണ്ടാകുന്നത്. ഈ പ്രത്യേക കാന്‍സറിലേക്കാണ് പുതിയ പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിവിധ തരം ഡിഎന്‍എ കേടുപാടുകള്‍ക്ക് വിധേയമായ കോശങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി കോശങ്ങളുടെ ജീനുകളുടെ പ്രകടനം മനസിലാക്കാന്‍ ഗവേഷകര്‍ എലികളെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. DNA യുടെ ഇരട്ട ഹെലിക്‌സിലെ രണ്ട് സ്‌ട്രാന്‍ഡുകളും

വേര്‍പെടുത്തുന്ന ഡബിള്‍-സ്ട്രാന്‍ഡ് ബ്രേക്ക് എന്നറിയപ്പെടുന്ന കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ എലികളുടെ കോശങ്ങള്‍ തിരിച്ചെടുക്കാനാവാത്തവിധം വേര്‍പെടുകയും അപ്രത്യക്ഷമാവുകയും ചെയ്തു. അതിന്റെ ഫലമായി എലിയുടെ രോമങ്ങള്‍ നരയ്ക്കുകയായിരുന്നു. ഇതായിരുന്നു പരീക്ഷണത്തില്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കേടായ ഡിഎന്‍എ ഉള്ള കോശം ഇല്ലാതാക്കി ഫലപ്രദമായി ‘മെലനോമ കാന്‍സറില്‍’ നിന്ന് സംരക്ഷിക്കപ്പെടുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ചുരുക്കി പറഞ്ഞാല്‍ കോശങ്ങള്‍ കാന്‍സറായി മാറാതെ അവ സ്വയം നാശം തിരഞ്ഞെടുക്കുന്നു.
