കാൻസർ ജീനുകളുള്ള ബീജം ദാനം ചെയ്ത് യുവാവ് ; ജനിച്ച കുട്ടികളിൽ പലർക്കും അർബുദം

യൂറോപ്പിൽ ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജത്തിലൂടെ ജനിച്ച കുട്ടികളിൽ പലർക്കും അർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ട് . സ്പേം ഡോണറുടെ ശരീരത്തെ ക്യാൻസറിൽ നിന്ന് സംരക്ഷിക്കുന്ന TP53 എന്ന ജീനിലാണ് മാറ്റം (മ്യൂട്ടേഷൻ) സംഭവിച്ചത്. ഡോണറുടെ ബീജത്തിൽ ഏകദേശം 20 ശതമാനത്തിലേറെ പ്രശ്നം ഉണ്ടായിരുന്നു. ഈ ബീജത്തിലൂടെ ജനിച്ച കുട്ടികളുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

ലി-ഫ്രൗമെനി സിൻഡ്രോം (Li-Fraumeni Syndrome) എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ അവസ്ഥയുള്ളവർക്ക് 60 വയസ്സിനു മുമ്പ് കാൻസർ വരാനുള്ള സാധ്യത 90 ശതമാനത്തോളമാണ്. ഈ സിൻഡ്രോം ഉള്ളവർക്ക് സ്തനാർബുദം, ട്യൂമർ, ഓസ്റ്റിയോസാർക്കോമ (എല്ലുകളിലെ ക്യാൻസർ) തുടങ്ങിയവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സംഭവത്തിൽ ബിബിസിയും മറ്റ് യൂറോപ്യൻ മാധ്യമങ്ങളും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഡോണറുടെ ബീജം ഉപയോഗിച്ച് ലോകത്തിന്റെ വിവിധയിടങ്ങളിലായി 197 മുതൽ 200 ഓളം കുട്ടികൾ ജനിച്ചിട്ടുണ്ടെന്നും ചിലർ ഇതിനോടകം കാൻസർ ബാധിച്ച് മരിച്ചതായും കണ്ടെത്തി. ചില രാജ്യങ്ങൾ കൃത്യമായ കണക്ക് നൽകിയിട്ടില്ലാത്തതിനാൽ എത്ര കുട്ടികളാണ് ബീജങ്ങളിലൂടെ ജനിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.
2005-ൽ കോളേജ് വിദ്യാർഥിയായിരുന്നപ്പോഴാണ് യുവാവ് പണത്തിനായി ബീജം ഡൊണേറ്റ് ചെയ്തത്. അന്ന് നടത്തിയ പരിശോധനകളിലൊന്നും മ്യൂട്ടേഷൻ കണ്ടെത്താൻ സാധിച്ചിരുന്നില്ല. 14 രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലേക്കാണ് ബീജം ദാനം ചെയ്തത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാനായി രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ സ്പേം ബാങ്ക് ആണ് 2023 നവംബറിൽ ഈ ജനിതക മാറ്റം സംഭവിച്ചതായി കണ്ടെത്തിയത്.

2025 ൽ യൂറോപ്യൻ സൊസൈറ്റി ഓഫ് ഹ്യൂമൻ ജനിറ്റിക്‌സ് നടത്തിയ യോഗത്തിലാണ് ഡോക്ടർമാർ ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. നിലവിൽ ബീജം സ്വീകരിച്ച കുടുംബങ്ങളെ കണ്ടെത്തി ജനിച്ച കുട്ടികളിൽ കാൻസർ സ്ക്രീനിങ് നടത്തി നേരത്തെ രോഗം കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്ന് വരികയാണ്.
സംഭവം മാധ്യമങ്ങൾ വഴി വലിയ ചർച്ച ആയതോടെ ബീജം ദാനം ചെയ്യുമ്പോഴുള്ള ജനിതക പരിശോധനകൾ കൂടുതൽ കർശനമാക്കണമെന്നും, ഒരു ഡോണറുടെ ബീജം എത്ര കുടുംബങ്ങൾക്ക് ഉപയോഗിക്കാമെന്നതിന് അന്താരാഷ്ട്ര നിയമങ്ങൾ കൊണ്ട് വരണമെന്നുമുള്ള ആവശ്യങ്ങൾ നിരവധി സംഘടനകളടക്കം മുന്നോട്ട് വെച്ചിട്ടുണ്ട് .
