Fincat

ആത്മവിശ്വാസം വെറുതെയായില്ല; ഫലം വരുന്നതിന് മുൻപേ ഒരുക്കിയത് 12000 ലഡു; തൃക്കാക്കരയിലെ സ്വതന്ത്രന് തകര്‍പ്പൻ ജയം


കൊച്ചി: തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർഥി സാബു ഫ്രാൻസിസിന്റെ ആത്മവിശ്വാസമാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ ചർച്ചാവിഷയം.തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ 12000 ലഡു ഒരുക്കിവെച്ച്‌ വിജയം ഉറപ്പിച്ച സാബു, 142 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെയാണ് ആ ‘കോണ്‍ഫിഡൻസ്’ യാഥാർത്ഥ്യമായത്.
ഫലം വരുന്നതിന് തലേ ദിവസം രാത്രി തന്നെ സാബു ഫ്രാൻസിസും കുടുംബവും സുഹൃത്തുക്കളും ചേർന്ന് ലഡു തയ്യാറാക്കിയിരുന്നു.

പരാജയപ്പെട്ടാല്‍ ഇത്രയധികം ലഡു എന്തുചെയ്യും എന്ന നാട്ടുകാരുടെ ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ടാണ് 40-ാം വാർഡില്‍ നിന്ന് അദ്ദേഹം വിജയം നേടിയത്. വിജയപ്രതീക്ഷ വെറുതെയായിരുന്നില്ലെന്ന് ഫലം വന്നതോടെ വ്യക്തമായി. 142 വോട്ടിന്റെ ലീഡ് നേടിയാണ് സാബു ഫ്രാൻസിസ് വിജയിച്ചത്. ഈ വാർഡില്‍ മാത്രമല്ല, മുൻപ് സാബുവും അദ്ദേഹത്തിൻ്റെ ഭാര്യ ഓമനയും മത്സരിച്ച്‌ വിജയിച്ച 34-ാം വാർഡിലും ലഡു വിതരണം നടത്തി.
സാബുവിൻ്റെ ഈ ആത്മവിശ്വാസം പുതിയ കാര്യമല്ല. 2020-ല്‍ ഓമന തൃക്കാക്കരയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്നും ഫലപ്രഖ്യാപനത്തിന് മുൻപ് ലഡു ഒരുക്കിയിരുന്നു. ഏത് കാര്യത്തിനും ഓടിയെത്തുന്ന സാബുവിനെയും ഓമനയെയും തങ്ങള്‍ക്ക് മറക്കാനാവില്ലെന്നാണ് നാട്ടുകാർ ഒരേ സ്വരത്തില്‍ പറയുന്നത്. ഇതോടെ, “വല്ലാത്തൊരു കോണ്‍ഫിഡൻസിന്റെ ഉടമയാണ് സാബു” എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന കമൻ്റ്.

1 st paragraph