തനിച്ചല്ല: സുപ്രിയ മേനോൻ മുതല്‍ അഹാന വരെ, അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് അതിജീവിത പങ്കുവെച്ച പോസ്റ്റിന് പിന്തുണയുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍.നടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്ബീശന്‍, അഹാന കൃഷ്ണ, ഷഫ്‌ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസര്‍ സുപ്രിയ മേനോന്‍, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, തുടങ്ങിയവര്‍ അതിജീവിതയുടെ പോസ്റ്റുകള്‍ റീഷെയർ ചെയ്തു.
അതിജീവിതയ്ക്ക് പിന്നാലെ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടി മഞ്ജു വാര്യര്‍ പങ്കുവെച്ച പോസ്റ്റിനും വലിയ സ്വീകാര്യതയാണ് ചെറിയ സമയത്തിനുള്ളില്‍ ലഭിക്കുന്നത്. വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മഞ്ജു ഉന്നയിക്കുന്നത്.

‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്’ എന്നാണ് മഞ്ജു വാര്യര്‍ സമുഹമാധ്യമങ്ങളില്‍ കുറിച്ചത്.
എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ തുറന്നടിച്ചുകൊണ്ട് അതിജീവിതയായ നടി രംഗത്ത് എത്തിയതിന് തൊട്ടുപിന്നാലെയാണ് മഞ്ജവാര്യറും വിമര്‍ശനം ഉന്നയിക്കുന്നത്. ആസൂത്രണം ചെയ്തവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലെ പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകുകയുള്ളുവെന്നും മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടുന്നു.

‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ.’ മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരു. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം – എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, എട്ടു വർഷം ഒമ്ബത് മാസം 23 ദിവസങ്ങള്‍ ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നുവെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. പ്രതികളില്‍ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു!. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ അല്പം ആശ്വാസം കിട്ടിയിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നുവെന്നും നടി കുറിക്കുന്നു.
