
തൃശൂര്‍: കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രൻ്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്.എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പ്രചാരണം ശക്തമാക്കിയിട്ടും എല്‍ഡിഎഫിനെയോ, കലുങ്ക് ചര്‍ച്ചയും എസ് ജി കോഫി ടൈമും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നേ പയറ്റിയിട്ടും ബിജെപിയെയോ തൃശൂരുകാര്‍ തുണച്ചതേയില്ല. ഇരുമുന്നണികള്‍ക്കും ഇവിടെ അടിതെറ്റി. 56 അംഗ കോര്‍പ്പറേഷനില്‍ 33 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തി. 11 സീറ്റുകളിലേക്ക് എല്‍ഡിഎഫിന് ഒതുങ്ങേണ്ടിവന്നു. അട്ടിമറി വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് എട്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്.

തൃശൂരിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലിയില്‍ പിണറായി വിജയൻ

ഭരണത്തിലുണ്ടായിരുന്ന എല്‍ഡിഎഫിന് തൃശ്ശൂർ കോർപ്പറേഷനില്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും തൃശ്ശൂർ നഗരസഭ എല്‍ഡിഎഫിന് പുറം തിരിഞ്ഞു നിന്നുവെന്നാണ് വിലയിരുത്തേണ്ടത്. തൃശ്ശൂർ കോർപ്പേറഷനിലെ 15 ഡിവിഷനുകളിലാണ് ഇത്തവണ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയത്. എന്‍ഡിഎ വിജയിച്ച എട്ടിടങ്ങളില്‍ അഞ്ചിലും എല്‍ഡിഎഫ് മൂന്നാമതാണ്. പൂങ്കുന്നത്ത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി വി മുരളിക്ക് 321 വോട്ട് ലഭിച്ചപ്പോള്‍ സീറ്റ് നിലനിര്‍ത്തിയ എന്‍ഡിഎയുടെ രഘുനാഥ് സി മേനോന്‍ നേടിയത് 1210 വോട്ടുകളാണ്.
കുട്ടന്‍കുളങ്ങര വാര്‍ഡിലും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മൂന്നാമതായി. വിജയിച്ച യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അഞ്ജലി രാകേഷ് 1052 വോട്ടുകളും രണ്ടാമതെത്തിയ എന്‍ഡിഎയുടെ ശ്രീവിദ്യ എം 815 വോട്ടുകളും നേടിയപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്ര ലളിതാംബിക നേടിയത് 727 വോട്ടാണ്. പാട്ടുരായ്ക്കല്‍ വാര്‍ഡില്‍ ബിജെപിയുടെ എവി കൃഷ്ണ മോഹന്‍ 1255 വോട്ടുകള്‍ നേടിയപ്പോള്‍ മൂന്നാമതെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പങ്കജാക്ഷന്‍ നേടിയത് 554 വോട്ടുകളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോണ്‍ ഡാനിയലിന് 1157 വോട്ടുകള്‍ ഇവിടെ നേടാനായി.
മിഷന്‍ ക്വാര്‍ട്ടേഴ്സ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്താണ്. യുഡിഎഫിലെ ബൈജു വര്‍ഗീസ് 1,037 വോട്ടുനേടി ജയിച്ചപ്പോള്‍ നാലാം സ്ഥാനത്തെത്തിയ പി ആര്‍ ജീജയ്ക്ക് കിട്ടിയത് 116 വോട്ടാണ്. കുരിയച്ചിറ വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായി സ്വതന്ത്രനായി മത്സരിച്ച ഷോമി ഫ്രാന്‍സിസ് 1,393 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ആര്‍ വത്സന്‍ 361 വോട്ടുനേടി മൂന്നാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സജീവന്‍ കുരിയച്ചിറ 754 വോട്ടുകള്‍ നേടി ഇവിടെ രണ്ടാമതെത്തി.
യുഡിഎഫിലെ രശ്മി ഉണ്ണികൃഷ്ണന്‍ 1,225 വോട്ടുനേടി ജയിച്ച എടക്കുന്നി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കരോളിന്‍ പെരിഞ്ചേരി മൂന്നാംസ്ഥാനത്തെത്തി. 642 വോട്ടുകളാണ് കരോളിന്‍ നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി നിഖില കെ എം 973 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. തിരുവമ്ബാടിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. എം രേഷ്മ മേനോന്‍ 557 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രജനി രാമകൃഷ്ണന് വെറും 91 വോട്ടുകള്‍ നേടി മൂന്നാമതാകേണ്ടി വന്നു.
കാര്യാട്ടുകര വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുമേഷ് 1648 വോട്ടുനേടി വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍വി രഞ്ജിത്ത് 794 വോട്ടുനേടി മൂന്നാമതായി. നറുക്കെടുപ്പിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിനോദ് കൃഷ്ണയെ വിജയിയായി പ്രഖ്യാപിച്ച കോട്ടപ്പുറം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ഹരി 369 വോട്ടുനേടി മൂന്നാമതെത്തി.
സ്വതന്ത്രനായി മത്സരിച്ച റാഫി ജോസ് 1,336 വോട്ടുനേടി ജയിച്ച ചിയ്യാരം സൗത്ത് വാര്‍ഡില്‍ മൂന്നാംസ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രകാശന്‍ മേല്‍വീട്ടിലിന് കിട്ടിയത് 220 വോട്ടാണ്. എന്‍ഡിഎയിലെ പൂര്‍ണിമ സുരേഷ് 793 വോട്ടുനേടി ജയിച്ച തേക്കിന്‍കാട് വാര്‍ഡിലും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷീബയ്ക്ക് കിട്ടിയത് 172 വോട്ടാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കവിത ആനന്ദ് കുമാര്‍ ഇവിടെ 482 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.

തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ സുരേഷ് ഗോപിയുടെ കലുങ്ക് ചര്‍ച്ചയൊന്നും തൃശൂരില്‍ എന്‍ഡിഎയെ തുണച്ചില്ല. ചര്‍ച്ചകള്‍ വിവാദമാവുകയും കേന്ദ്രമന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ എന്തെല്ലാം വികസനനേട്ടങ്ങളുണ്ടായെന്ന ചോദ്യം ഉയര്‍ന്നുവരുകയും ചെയ്തതോടെ എന്‍ഡിഎക്ക് അടിപതറിയെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാത്ത ഇടങ്ങളിലും പരാജയപ്പെട്ട സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പരിശോധന നടക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ തെ സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. തൃശ്ശൂർ ലക്ഷ്യം വെച്ചാണ് കെ സുരേന്ദ്രൻ്റെ പ്രതികരണം എന്നും വിലയിരുത്തലുകലുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ വലിയ പ്രതീക്ഷയോടെയായിരുന്നു ബിജെപി ഇത്തവണ തൃശ്ശൂർ കോർപ്പറേഷനില്‍ മത്സരത്തിനിറങ്ങിയത്. പക്ഷെ 2020നെക്കാള്‍ രണ്ട് സീറ്റ് മാത്രമാണ് എന്‍ഡിഎയ്ക്ക് തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ കൂടിയത്. ജില്ലയിലെ നഗരസഭാ സീറ്റുകളാകട്ടെ 40-ല്‍ നിന്ന് 36 ആയി കുറയുകയും ചെയ്തു. എന്തായാലും കോർപ്പറേഷനില്‍ പ്രതീക്ഷ മുന്നേറ്റം നേടാനാവാത്തത് എസ് ജി പ്രഭാവം മങ്ങുന്നു എന്നതിൻ്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.
