Fincat

കന്നി അങ്കം, പ്രചാരണത്തിനിറങ്ങിയില്ല; ഒളിവിലിരുന്ന് മത്സരിച്ച സൈനുല്‍ ആബിദീന് വൻജയം

താമരശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കന്നി സ്ഥാനാർത്ഥിയായി ഒളിവിലിരുന്ന് മത്സരിച്ചയാള്‍ക്ക് വന്‍വിജയം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഒരു ദിവസം പോലും പ്രചരണത്തിനിറങ്ങാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി സൈനുല്‍ ആബിദീൻ എന്ന കുടുക്കില്‍ ബാബുവിനാണ് ഈ അപൂര്‍വനേട്ടം. നാമനിര്‍ദേ പത്രിക പോലും ഇദ്ദേഹത്തിന് നേരിട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. താമശ്ശേരി ഗ്രാമപഞ്ചായത്തില്‍ പുതിയതായി രൂപീകരിക്കപ്പെട്ട പതിനൊന്നാം വാര്‍ഡായ കരിങ്ങമണ്ണയിലാണ് വെഴുപ്പൂര്‍ നടുവില്‍പീടിക എന്ന കുടുക്കില്‍ ബാബു ജനവിധി തേടിയത്.

1 st paragraph

കട്ടിപ്പാറ ഇറച്ചിപ്പാറയില്‍ ഫ്രഷ്‌കട്ട് പ്ലാന്റ് കോഴിയറവ് മാലിന്യപ്ലാന്റിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തിയെന്ന ആരോപിച്ച് സെപ്തംബര്‍ മാസം 21ന് രജിസ്റ്റര്‍ ചെയ്ത കേസിലും ഒക്ടോബര്‍ 21ലെ ഫ്രഷ്‌കട്ട് സംഘര്‍ഷത്തിനിടെ പ്ലാന്റില്‍ അതിക്രമിച്ച് കയറി തൊഴിലാളികളെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും കുടുക്കില്‍ ബാബുവിനെ പ്രതിചേര്‍ത്തിരുന്നു. താമശ്ശേരി പൊലീസ് ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. 225 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ബാബുവിന്റെ വിജയം. കരിങ്ങമണ്ണയിലെ വോട്ടര്‍മാര്‍ 599 വോട്ടുകളാണ് ബാബുവിന് നല്‍കിയത്.

ഒളിവില്‍ പോയ കുടുക്കില്‍ ബാബു മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ലീഗ് പ്രവര്‍ത്തകരുടെ സഹായത്തോടെ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം നേടിയെടുത്ത ശേഷമാണ് ബാബു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബാബുവിനായി യുഡിഎഫ് പ്രവര്‍ത്തകരാണ് വീടുകള്‍ തോറും കയറിയിറങ്ങി വോട്ടു ചോദിച്ചത്.

2nd paragraph

യുഡിഎഫ് അധികാരം നിലനിര്‍ത്തിയ താമരശ്ശേരി പഞ്ചായത്തില്‍ 17 സീറ്റുകളാണ് അവര്‍ നേടിയത്. ബാബുവിന് എതിരെ മത്സരിച്ച എല്‍ഡിഎഫ് സ്വതന്ത്രന്‍ നവാസിന് 374 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ബാലകൃഷ്ണന്‍ പുല്ലങ്ങോടിന് 68 വോട്ടുകളും. ബിജെപി സ്ഥാനാര്‍ത്ഥി ചന്ദ്രന്‍ നായര്‍ക്ക് 56 വോട്ടുകളും ലഭിച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷമീറിന് ലഭിച്ചത് ആറു വോട്ടുകളാണ്. കുടുക്കില്‍ ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ സാഹചര്യത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മടങ്ങിയെത്തുമെന്നാണ് ലീഗ് പ്രാദേശിക നേതൃത്വം പ്രതീക്ഷിക്കുന്നത്.