
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് മേയർ ആര്യാ രാജേന്ദ്രൻ .ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചത്. ‘Not an inch back’ എന്നെഴുതി വാട്ട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് ആര്യാ രാജേന്ദ്രന്‍ മറുപടി നല്‍കിയത്.
മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് മുൻ കൗണ്‍സിലർ ഗായത്രി ബാബു ഉന്നയിച്ചത്. ‘പാർട്ടിയേക്കാള്‍ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്ബോള്‍ മാത്രമുള്ള അതിവിനയം, കരിയർ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം’ എന്നിങ്ങനേയുള്ള വിമർശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയർത്തിയത്. ആര്യായുടെ പേര് പറയാതെ പരോക്ഷമായിട്ടാണ് ഫേസ്ബുക്കിലൂടെ ഗായത്രി വിമർശനം ഉന്നയിച്ചത്. വിവാദമായതോടെ കുറിപ്പ് അവർ പിന്‍വലിച്ചിരുന്നു.

ഗായത്രി ബാബുവിനെ തള്ളി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ഗായത്രി ബാബുവിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഗായത്രിയുടെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
2020 ലെ തെരഞ്ഞെടുപ്പില്‍ വഞ്ചിയൂർ വാർഡില്‍ നിന്നുള്ള കൗണ്‍സിലറായിരുന്ന ഗായത്രി ബാബു. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബുവിന്‍റെ മകളാണ്. അന്ന് അവസാന നിമിഷം വരെ ഗായത്രി ബാബുവായിരിക്കും മേയർ സ്ഥാനാർത്ഥിയാകുകയെന്ന രീതിയിലുള്ള പ്രചാരണവും ഉണ്ടായിരുന്നു.

