ദിലീപ് സിനിമയെ ചൊല്ലി കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ തര്‍ക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തില്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സില്‍ നടൻ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ പ്രതിഷേധം വാക്കുതർക്കത്തില്‍ കലാശിച്ചു.ഒരു യാത്രക്കാരി ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ മറ്റ് യാത്രക്കാർ അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞത് ബസ്സിനുള്ളില്‍ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒടുവില്‍, ബസ് കണ്ടക്ടർക്ക് സിനിമയുടെ പ്രദർശനം നിർത്തിവെക്കേണ്ടി വന്നു.തിരുവനന്തപുരം – തൊട്ടില്‍പാലം റൂട്ടിലോടുന്ന കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് സംഭവം. ദിലീപ് നായകനായ ‘പറക്കുംതളിക’ എന്ന സിനിമയുടെ പ്രദർശനമാണ് തർക്കത്തിന് വഴിവെച്ചത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ ശേഖർ എന്ന യാത്രക്കാരിയാണ് സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ആദ്യം പ്രതിഷേധമറിയിച്ചത്. സിനിമ പ്രദർശിപ്പിക്കേണ്ടതില്ല എന്ന അവരുടെ നിലപാടിനെ മറ്റ് ചില യാത്രക്കാർ പിന്തുണച്ചതോടെയാണ് വിഷയം വഷളായത്.
എന്നാല്‍, സിനിമ പ്രദർശിപ്പിക്കുന്നതിനെ അനുകൂലിച്ച് ഒരു വിഭാഗം യാത്രക്കാർ രംഗത്തെത്തി. “കോടതി വിധി വന്ന ശേഷം എന്തിനാണ് ഇത്തരത്തില്‍ സംസാരിക്കുന്നത്?” എന്ന് ചിലർ ചോദിച്ചു. ഇതിന് മറുപടിയായി, “ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഈ സിനിമ കാണാൻ താല്‍പര്യമില്ല. കോടതികള്‍ മുകളിലുണ്ട്. ഞാൻ എല്ലാ സ്ത്രീകളോടും ചോദിച്ചാണ് അഭിപ്രായം അറിയിച്ചത്. കോടതി വിധികള്‍ പലതും വന്നിട്ടുണ്ട്. ദിലീപിന്റെ സിനിമ ഈ ബസ്സില്‍ കാണാൻ കഴിയില്ല,” എന്ന് യുവതി ശക്തമായ നിലപാടെടുത്തു.

യുവതിക്ക് അനുകൂലമായി മറ്റ് ചില സ്ത്രീ യാത്രക്കാരും സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. “കെഎസ്‌ആർടിസി ബസ്സില്‍ നിർബന്ധിതമായി സിനിമ കാണേണ്ട അവസ്ഥ ഉണ്ടാക്കരുത്,” എന്ന് യുവതി ആവശ്യപ്പെട്ടു. ഭൂരിഭാഗം യാത്രക്കാരും തൻ്റെ നിലപാടിനെ പിന്തുണച്ചതായും അവർ അറിയിച്ചു. തർക്കം രൂക്ഷമായതോടെ ബസ് കണ്ടക്ടർ ഇടപെട്ട് സിനിമയുടെ പ്രദർശനം നിർത്തിവെക്കുകയായിരുന്നു.
