മോഹന്‍ലാലിനെതിരെ ഭാഗ്യലക്ഷ്മി: ‘താന്‍ ചെയ്യുന്നത് എന്താണെന്ന് ഒരു നിമിഷമെങ്കിലും അദ്ദേഹം ചിന്തിക്കണം’

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് പിന്നാലെ മോഹന്‍ലാല്‍ ദിലീപ് ചിത്രം ‘ഭഭബ’യുടെ പോസ്റ്റര്‍ പങ്കിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി.നമ്മള്‍ ഏറ്റവും സ്നേഹിക്കുന്ന മോഹന്‍ലാല്‍ താന്‍ ചെയ്യുന്നത് എന്താണെന്ന് ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അവനു വേണ്ടിയും പ്രാർത്ഥിക്കുന്നു അവള്‍ക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുവെന്ന് പറയുന്നയാള്‍ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത്. ഇതെല്ലാം ‘അയാള്‍’ ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു സാമ്ബത്തിക സ്‌പെയ്‌സ് ആണ്, അതാണ് നമ്മള്‍ കണ്ടതെന്നും ദിലീപിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഭാഗ്യലക്ഷ്മി പറഞ്ഞു. ഐഎഫ്‌എഫ്‌കെ വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഇനിയും ദിലീപിൻ്റെ വില്ലനിസം തീർന്നിട്ടില്ല, ഇനിയും ഇത് തന്നെ ചെയ്യും എന്ന ധൈര്യം ഇയാള്‍ക്ക് കിട്ടുന്നത് കോടതി വിധിയിലൂടെയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അത് എങ്ങനെ നേടിയെടുത്തുവെന്നും എന്താണ് ആയാള്‍ക്ക് കിട്ടിയിരിക്കുന്ന ധൈര്യം എന്നും എല്ലാവർക്കും അറിയാം. ഇതിന് അപ്പുറമൊന്നും അതിജീവിതയ്ക്ക് അപമാനം സഹിക്കാൻ വയ്യ. അത്രയും അവള്‍ അനുഭവിച്ചു. രണ്ട് മണിക്കൂർ കാറിനുള്ളില്‍ അനുഭവിച്ചതിനെക്കാള്‍ കൂടുതല്‍ അടച്ചിട്ട കോടതി മുറിയില്‍ അവള്‍ അനുഭവിച്ചു. ഇതില്‍ കൂടുതല്‍ എനിക്കൊന്നും സംഭവിക്കാനില്ലല്ലോ എന്ന രീതിയിലാണ് അവള്‍ ഇപ്പോള്‍ പോസ്റ്റിട്ടിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

പലരും വിചാരിക്കുന്നുണ്ട് ഈ വിധിയോട് കൂടി അവള്‍ തളര്‍ന്നുവെന്നും ഇനി അവള്‍ മുന്നോട്ട് പോകില്ല എന്നും. എന്നാല്‍ ഒരിഞ്ചു പോലും അവള്‍ തളര്‍ന്നിട്ടില്ല. അതിശക്തമായി തന്നെ മുന്നോട്ട് സഞ്ചരിക്കാന്‍ അവള്‍ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിന്റെ ഏത് അറ്റം വരെയും അവള്‍ പോകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മാധ്യമങ്ങളും പൊതുസമൂഹവും അവളോടൊപ്പം നില്‍ക്കണം. വിചാരണകോടതി വിധിക്കെതിരെ തീർച്ചയായും അപ്പീല്‍ നില്‍കണമെന്നും തീര്‍ച്ചയായും അപ്പീല്‍ പോയിരിക്കും. അത് അന്ന് തന്നെ തീരുമാനിച്ചതാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
മുമ്ബ് അമ്ബത് ശതമാനം ആളുകളില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു. പക്ഷെ ഈ വിധി വന്നതോടെ കുറേക്കൂടി വ്യക്തമായി എല്ലാവര്‍ക്കും മനസിലായി ഇദ്ദേഹം തന്നെയാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന്. അത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകുമെന്നും കോടതിയില്‍ നിന്നും വിധി കേട്ട് വന്നാല്‍ എനിക്ക് വളരെ സന്തോഷമുണ്ട്, സത്യം ജയിച്ചു എന്നാകും സാധാരണ ആളുകള്‍ പറയുക. അതിന് പകരം മറ്റൊരു പെണ്ണിന്റെ പേരാണ് പറയുന്നത്. ആ നടി ഒരിക്കലും അദ്ദേഹത്തിന്റെ പേര് പറഞ്ഞു കൊണ്ടല്ല സംസാരിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇത് എന്നെക്കുറിച്ച് തന്നെയാണ് എന്ന് അദ്ദേഹം ചിന്തിക്കുന്നത് അത് അദ്ദേഹം ചെയ്തതു കൊണ്ടാണെന്ന് അദ്ദേഹത്തിന് നല്ല ഉറപ്പുള്ളതുകൊണ്ടാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. സിനിമയ്ക്കുള്ളില്‍ നിന്ന് അതിജീവിതയ്ക്ക് ഒപ്പമാണെന്ന് ആരും പറഞ്ഞിട്ടില്ലയെന്നും സിനിമയ്ക്കുള്ളിലെ കൂടുതല്‍ പേരും അദ്ദേഹത്തിനോടപ്പമാണെന്നും കാരണം അയാളുടെ കൈയില്‍ പണമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
വിചാരണക്കോടതിയുടെ കൂട്ടില്‍ നിന്നും അയാള്‍ രക്ഷപ്പെട്ടു. നാളെ ജനപ്രിയ നായകൻ എന്ന നിലയില്‍ ആളുകള്‍ കൊണ്ടാടുമെന്ന് ഭാഗ്യലക്ഷ്മി ഐഎഫ്‌എഫ്‌കെ വേദിയിലെ ഓപ്പണ്‍ഫോറം പരിപാടിയില്‍ പറഞ്ഞു. ഈ വിഷയം ഉണ്ടായപ്പോള്‍ അതിജീവിതയെ ഒരു സംഘടന പോലും വിളിച്ചില്ല, ആശ്വസിപ്പിച്ചില്ല. അവളോടൊപ്പം എന്ന് പറയുക മാത്രമാണ് അവർ. അവരാരും അവളുടെ കൈ പിടിച്ച് ഞങ്ങള്‍ കൂടെ എന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
