ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍

ലോസ് ആഞ്ചലസ്: ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്നറിനെയും ഭാര്യ മിഷേലിനെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി.ലോസ് ആഞ്ചലിലെ ബ്രന്റ്വുഡിലുള്ള വസതിയിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയിരിക്കുന്നത്. 78 വയസ്സുള്ള ഒരു പുരുഷനും 68 വയസ്സുള്ള ഒരു സ്ത്രീയും വീടിനകത്ത് മരിച്ച് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്ന്ന് അന്വേഷിച്ചപ്പോഴാണ് മരണപ്പെട്ടവര് സംവിധായകന് റെയ്നറും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്.
ഇരുവരുടെയും മൃതദേഹത്തില് കത്തികൊണ്ടുണ്ടായ മുറിവുകള് ഉണ്ടായിരുന്നതായും റിപ്പോര്ട്ടുകള് പറയുന്നു. അതുകൊണ്ട് ഇരുവരും കൊലചെയ്യപ്പെട്ടതാവാമെന്ന് സംശയിക്കുന്നതായി ലോസ് ആഞ്ചലസ് പൊലിസ് തലവന് മൈക്ക് ബ്ലാന്ഡ് പറഞ്ഞു. അതേസമയം ദമ്ബതികളെ മകന് നിക്ക് കൊന്നതാണെന്നും ജനങ്ങള് ആരോപിച്ചു. എന്നാല് മാതാപിതാക്കളെ നിക്ക് കൊന്നതാണോ എന്നതിനെ കുറിച്ചോ കൊലപാതകത്തിന്റെ കൂടുതല് വിവരങ്ങളോ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

നിരവധി സെലിബ്രിറ്റികള് താമസിക്കുന്ന പ്രദേശമായ ബ്രെന്റ്വുഡിലായിരുന്നു ദമ്ബതികളും താമസിച്ചിരുന്നത്. ഇവിടെ ഇത്തരം കുറ്റകൃത്യങ്ങള് അപൂര്വമാണ്. ദമ്ബതികളുടെ മരണത്തില് പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ പരിക്കുകളെക്കുറിച്ചോ കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തെ കുറിച്ചോ പൊലിസ് വിശദാംശങ്ങള് ഒന്നും നല്കിയിട്ടില്ല.
കോമഡി ഇതിഹാസം കാള് റെയ്നറുടെ മകനാണ് റോബ് റെയ്നര്. ഹോളിവുഡിലെ ഏറ്റവും മികച്ച സംവിധായകരില് ഒരാളായിരുന്നു ഇദ്ദേഹം. സംവിധാനത്തിന് പുറമേ നടന്, നിര്മാതാവ്, എഴുത്തുകാരന് എന്നീ നിലകളിലും റോബ് പ്രശസ്തനായിരുന്നു. 1970 കളിലെ ഓള് ഇന് ദി ഫാമിലിയിലെ കരോള് ഒ കോണറിന്റെ ആര്ച്ചി ബങ്കറിനൊപ്പം അവതരിപ്പിച്ച ‘മീറ്റ്ഹെഡ്’ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിച്ചത്.
1980 കളിലെയും 90 കളിലെയും ഏറ്റവും ശ്രദ്ധേയമായ സിനിമകളായ ദിസ് ഈസ് സ്പൈനല് ടാപ്പ്, എ ഫ്യൂ ഗുഡ് മെന്, വെന് ഹാരി മെറ്റ് സാലി, ദി പ്രിന്സസ് ബ്രൈഡ് തുടങ്ങിയ പ്രശസ്ത സിനിമകള് റെയ്നര് സംവിധാനം ചെയ്തതാണ്. രണ്ട് എമ്മി അവാര്ഡുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഭാര്യ മിഷേല് സിങര് റെയ്നര് ഫോട്ടോഗ്രാഫറാണ്. ‘വെന് ഹാരി മെറ്റ് സാലി’ സംവിധാനം ചെയ്യുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഇവര്ക്ക് മൂന്ന് കുട്ടികളുമുണ്ട്.

