ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

ദുബൈ: ദുബൈയിലെ അതിവേഗം വളരുന്ന റെസിഡൻഷ്യല്‍, വികസന മേഖലകളിലെ യാത്രാദുരിതത്തിന് അറുതി വരുത്തിക്കൊണ്ട്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അല്‍ നഹ്യാൻ സ്ട്രീറ്റും അല്‍ അവീർ റോഡും അല്‍ മനാമ സ്ട്രീറ്റും തമ്മിലുള്ള പ്രധാന കവല നവീകരിക്കുന്നതിനുള്ള കരാർ നല്‍കി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA).ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും, ദുബൈയിലെ നഗര വികാസത്തിനും ജനസംഖ്യാ വളർച്ചയ്ക്കും അനുസൃതമായി ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമുള്ള ആർടിഎയുടെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണിത്. 2,300 മീറ്റർ നീളമുള്ള പാലങ്ങളുടെ നിർമ്മാണം, പാതകള്‍ വീതി കൂട്ടല്‍, സർവീസ് റോഡുകളുടെ വികസനം, പുതിയ പ്രവേശന, എക്സിറ്റ് പോയിന്റുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
യാത്രാ സമയം കുത്തനെ കുറയും

2028-ന്റെ മൂന്നാം പാദത്തില്‍ പദ്ധതി പൂർത്തിയാകുമ്ബോള്‍, റോഡിന്റെ കാര്യശേഷി മണിക്കൂറില്‍ 5,200 വാഹനങ്ങളില്‍ നിന്ന് മണിക്കൂറില്‍ 14,400 വാഹനങ്ങളായി വർദ്ധിക്കും. കൂടാതെ, ഈ പ്രധാന ഇടനാഴിയിലൂടെയുള്ള യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് കേവലം അഞ്ച് മിനിറ്റായി കുറയുമെന്നും ആർടിഎ അധികൃതർ അറിയിച്ചു.
ദുബൈ സിലിക്കണ്‍ ഒയാസിസ്, അക്കാദമിക് സിറ്റി, ഗ്ലോബല്‍ വില്ലേജ് ഉള്‍പ്പെടെ 600,000-ത്തിലധികം താമസക്കാർക്ക് പ്രയോജനകരമാകുന്ന ഈ പദ്ധതി, ഗതാഗതം വേഗത്തിലാക്കുന്നതിനുള്ള ആർടിഎയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണെന്ന് ആർടിഎ ഡയറക്ടർ ജനറല്‍ മതാർ അല്‍ തായർ പറഞ്ഞു.

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അല്‍ നഹ്യാൻ സ്ട്രീറ്റിന്റെയും അല്‍ അവീർ റോഡിന്റെയും കവലയിലെ നിലവിലുള്ള റൗണ്ട് എബൗട്ട്, എല്ലാ ദിശകളിലേക്കും സ്വതന്ത്ര ഗതാഗതം അനുവദിക്കുന്നതിനായി ഗ്രേഡ്-സെപ്പറേറ്റഡ് ഇന്റർചേഞ്ചായി മാറ്റും. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അല്‍ നഹ്യാൻ സ്ട്രീറ്റില്‍ ഓരോ ദിശയിലേക്കും നാല് വരികളുള്ള പ്രധാന പാലങ്ങളും, വലത്തോട്ടും ഇടത്തോട്ടും തിരിയുന്നതിനുള്ള റാമ്ബുകളും ഇതിന്റെ ഭാഗമായി നിർമ്മിക്കും.
അല്‍ അവീറിലേക്കും ഷാർജയിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിനായി അല്‍ അവീർ റോഡും എമിറേറ്റ്സ് റോഡും തമ്മിലുള്ള കവലയില്‍ ഒരു പാലവും നിർമ്മിക്കും. അല്‍ മനാമ സ്ട്രീറ്റുമായുള്ള കവലയിലെ റോഡുകള്‍ നവീകരിക്കുകയും, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അല്‍ നഹ്യാൻ സ്ട്രീറ്റ് രണ്ട് വരികളില്‍ നിന്ന് നാല് വരികളായി വീതി കൂട്ടുകയും ചെയ്യും.
