രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ആദ്യത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായകം. ആദ്യത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വാദം കേൾക്കുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ എതിർക്കും. ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.

അഡ്വക്കറ്റ് എസ് രാജീവാണ് രാഹുലിന്റെ അഭിഭാഷകൻ. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്നാണ് രാഹുലിന്റെ വാദം. അതേസമയം രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ല. ഹാജരാകണമെന്നറിയിച്ച് ഒരറിയിപ്പും വിവരവും കിട്ടിയിട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നുള്ള മുൻകൂർജാമ്യ വ്യവസ്ഥയിൽ 15 ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും രാഹുൽ അറിയിച്ചിട്ടുണ്ട്.
