AI നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി ദക്ഷിണകൊറിയ; ബിസിനസ്സ് മേഖലയിൽ ആശങ്ക

നിർമിത ബുദ്ധിയിൽ പുതിയ നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി ദക്ഷിണകൊറിയ. 2026 ജനുവരി 22 മുതൽ നിയമം പ്രാബല്യത്തിൽ വരും. ദേശീയ AI കമ്മിറ്റി രൂപീകരിക്കുക , മൂന്ന് വർഷത്തേക്കുള്ള അടിസ്ഥാന AI പ്ലാനുകൾ തയ്യാറാക്കുക, സുരക്ഷയും സുതാര്യതയും സംബന്ധിച്ച ആവശ്യകതകൾ ഏർപ്പെടുത്തുക, തുടങ്ങിയ നിയമങ്ങളാകും AI ഫ്രെയിംവർക്ക് ആക്റ്റിൽ ഉണ്ടാവുക.

എന്നാൽ നിലവിൽ വരാൻ പോകുന്ന നിയമങ്ങൾ വ്യവസായ വളർച്ചയെ തടസ്സപ്പെടുത്തുമെന്നും ,ചെറുകിട സ്ഥാപനങ്ങളെയും സ്റ്റാർട്ടപ്പുകളെയും അടക്കം ബാധിക്കുമെന്ന ആശങ്കയിലാണ് ബിസിനസ്സ് മേഖല. നിയമം നടപ്പിലാവുകയാണെങ്കിൽ സമഗ്രമായ ഒരു AI നിയന്ത്രണ ചട്ടക്കൂട് നിലവിൽ വരുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ദക്ഷിണ കൊറിയ മാറും. AI-യുമായി ബന്ധപ്പെട്ട നിയമനിർമ്മാണം ആദ്യമായി പാസ്സാക്കിയത് യുറോപ്പിയൻ യൂണിയൻ ആണെങ്കിലും ഇത് ഓഗസ്റ്റിൽ മാത്രമേ നിലവിൽ വരൂ.
ജനുവരിയിൽ തന്നെ നിയമം പ്രാബല്യത്തിൽ വരുകയാണെങ്കിൽ ചില കമ്പനികൾ സേവനങ്ങൾ നിർത്തി വയ്ക്കുകയോ അല്ലെങ്കിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടതായി വരും. സ്റ്റാർട്ടപ്പ് അലയൻസ് അടുത്തിടെ നടത്തിയ സർവേയിൽ , 101 പ്രാദേശിക AI സ്റ്റാർട്ടപ്പുകളിൽ 98 ശതമാനവും പുതിയ നിയമം പാലിക്കുന്നതിൽ സജ്ജരായിട്ടില്ലെന്നും 48.5 ശതമാനം ആളുകൾക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയിലെന്നും കണ്ടെത്തിയിട്ടുണ്ട്. നിയമങ്ങൾ കർശനമാവുകയാണെങ്കിൽ വ്യവസായങ്ങൾക്ക് സ്വദേശത്തേക്കാൾ കൂടുതൽ അവസരങ്ങൾ വിദേശത്ത് ഒരുങ്ങുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

