Fincat

മഹാരാഷ്ട്രയിലെ ‘സുകുമാര കുറുപ്പ്’; ഇൻഷുറൻസ് തുക തട്ടാൻ കൊന്നത് സഞ്ചാരിയെ; കുടുക്കിയത് കാമുകിക്ക് അയച്ച മെസേജ്

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു സുകുമാര കുറുപ്പും അയാള്‍ നടത്തിയ കൊലപാതകവും. ഏറ്റവും ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ‘കുറുപ്പ്’ എന്ന ചിത്രമാണ് സുകുമാര കുറുപ്പിനെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ ഒരു സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം നടന്നിരിക്കുകയാണ്. സുകുമാര കുറുപ്പ് കൊലപ്പെടുത്തിയത് ആലപ്പുഴ സ്വദേശിയായ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെയാണെങ്കില്‍ മഹാരാഷ്ട്ര സ്വദേശിയായ ഗണേഷ് ചവാന്‍ കൊലപ്പെടുത്തിയത് ഗോവിന്ദ് യാദവ് എന്ന ഒരു സഞ്ചാരിയെ(ഹിച്ച്‌ഹൈക്കര്‍) ആണ്.

1 st paragraph

ഇക്കഴിഞ്ഞ ഞായറാഴ്ച ലാത്തൂരിലെ ഔസ താലൂക്കില്‍ പൂര്‍ണമായും കത്തിനശിച്ച നിലയില്‍ ഒരു കാർ കണ്ടെത്തിയ ഇടത്തുനിന്നാണ് തുടക്കം. അതില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹവുമുണ്ടായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ കാര്‍ ലാത്തൂര്‍ സ്വദേശിയുടേതാണെന്ന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ കാര്‍ ബന്ധുവായ ബാങ്ക് റിക്കവറി ഏജന്റ് ഗണേഷ് ചവാന് നല്‍കിയതായി അയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് അന്വേഷണം ഗണേഷ് ചവാനിലേക്ക് തിരിഞ്ഞു. ഗണേഷിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അയാള്‍ വീട്ടിലില്ലെന്ന് വ്യക്തമായി. ഇതോടെ ദുരൂഹതകളുണര്‍ന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗണേഷ് ചവാന്‍ മരിച്ചിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തി. ഇക്കാര്യം ഉറപ്പിക്കുന്നതിനായായിരുന്നു തുടരന്വേഷണം. ആ അന്വേഷണം എത്തിനിന്നത് ഒരു യുവതിയിലാണ്. അവര്‍ ഗണേഷിന്റെ കാമുകിയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഗണേഷ് തനിക്ക് മെസേജ് അയച്ചതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി. മറ്റൊരു നമ്പറില്‍ നിന്നാണ് മെസേജ് അയച്ചതെന്നും യുവതി പറഞ്ഞു. ഇതോടെ മരിച്ചത് ഗണേഷ് ചവാനല്ലെന്ന് പൊലീസ് ഉറപ്പിച്ചു. മരിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള നീക്കങ്ങളാണ് തുടര്‍ന്ന് പൊലീസ് നടത്തിയത്.

2nd paragraph

ചവാന്റെ പുതിയ ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്യാന്‍ തുടങ്ങി. അന്വഷണം കോലാപ്പൂരിലേക്കും പിന്നീട് സിന്ധുദുര്‍ഗ് ജില്ലയിലെ വിജയദുര്‍ഗിലേക്കും എത്തി. വിജയദുര്‍ഗില്‍വെച്ച് ചവാനെ പൊലീസ് കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ചുരുളഴിഞ്ഞത്. വീട് പണിയാന്‍ വേണ്ടി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിനായി ഒരു കോടിയുടെ ഇന്‍ഷുറന്‍സ് എടുത്തു. മരിച്ചത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ കൊല നടത്താന്‍ പ്ലാന്‍ ചെയ്തു. ഇതിനായി ഒരാളെ കണ്ടെത്തേണ്ടുണ്ടായിരുന്നു. ആ അന്വേഷണമാണ് ഗോവിന്ദ് യാദവിലേക്ക് എത്തി നിന്നതെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.

ശനിയാഴ്ച ഔസയിലെ തുല്‍ജാപ്പൂര്‍ ടി ജംഗ്ഷനില്‍വെച്ചാണ് ഗോവിന്ദിനെ കാണുന്നതെന്നും അങ്ങോട്ട് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയാണെന്നും ഗണേഷ് പറഞ്ഞു. മദ്യപിച്ച അവസ്ഥയിലായിരുന്നു യുവാവ്. ഇത് മനസിലാക്കിയാണ് കൊല ആസൂത്രണം ചെയ്തത്. യാത്രയ്ക്കിടെ ഒരു ഹോട്ടലില്‍ നിര്‍ത്തി ഭക്ഷണം കഴിച്ചിരു്‌നു. വനവാഡ പാടി-വനവാഡ റോഡുവഴി യാത്ര ചെയ്തു. ഇതിനിടെ ലഹരിയിലായിരുന്ന യുവാവ് കാറിനുള്ളില്‍വെച്ച് ഉറങ്ങിപ്പോയി. തുടര്‍ന്ന് ചവാന്‍ ഇയാളെ ഡ്രൈവര്‍ സീറ്റില്‍ ചാരിയിരുത്തി സീറ്റ് ബെല്‍റ്റ് ഇട്ടു. സീറ്റില്‍ തീപ്പെട്ടിക്കോലുകളും പ്ലാസ്റ്റിക് ബാഗുകളുംവെച്ച് തീകൊളുത്തുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. പൊലീസ് ഉടന്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ഈ കേസില്‍ പ്രതിയെ പൊലീസ് എളുപ്പത്തില്‍ കണ്ടെത്തിയെങ്കിലലും സുകുമാര കുറുപ്പ് ഇപ്പോഴും കാണാമറയത്താണ്.