കഴിഞ്ഞദിവസം ഗള്‍ഫില്‍ നിന്നെത്തി,പ്രതിശ്രുതവധുവിനെ കാണാൻ പോയ യുവാവിനെ കണ്ടെത്തിയത് ചതുപ്പ്നിലത്തില്‍

ആലപ്പുഴ: രണ്ടു ദിവസം മുമ്ബ് കാണാതായ യുവാവിനെ ആളൊഴിഞ്ഞ ചതുപ്പ് നിലത്തില്‍ അവശനിലയില്‍ കണ്ടെത്തി. രാത്രി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതാകാം എന്നാണ് നിഗമനം.ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടില്‍ രമണൻ നായരുടെ മകൻ വിഷ്ണു നായരെ (34) ആണ് അവശനിലയില്‍ കണ്ടെത്തിയത്.
ബുധനൂരിലെ ജനപ്രതിനിധിയാണു യുവാവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് എണ്ണയ്ക്കാട് ഗ്രാമത്തില്‍ പൂക്കൈതച്ചിറ ഭാഗത്ത് റോഡില്‍ നിന്നും 10 അടി താഴ്ചയുള്ള ചതുപ്പുനിലത്തില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഗള്‍ഫില്‍ നിന്നെത്തിയ വിഷ്ണു ഞായറാഴ്ച വൈകിട്ട് ബുധനൂരിലെ വീട്ടില്‍ നിന്ന് ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാൻ പോയിരുന്നു രാത്രി മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. മകനെ കാണാനില്ലെന്നു പറഞ്ഞ് പിതാവ് രമണൻ നായർ മാന്നാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
സിസിടിവിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിഷ്ണു സഞ്ചരിച്ച വഴിയിലൂടെ അന്വേഷിച്ചു പോകുന്നതിനിടെ പൂക്കൈതച്ചിറ ഭാഗത്ത് ചതുപ്പ് നിലത്തില്‍ കറുത്ത നിറത്തിലുള്ള ബൈക്ക് കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് അവശനിലയിലായ വിഷ്ണുവിനെ കണ്ടെത്തിയത്. വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൈക്ക് ഒടിവുണ്ടെങ്കിലും വിഷ്ണു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

