കൂടിക്കാഴ്ചയ്ക്കായി ഓഫീസിലെത്തി പ്രിയങ്ക; യൂട്യൂബ് നോക്കി സ്വന്തമായി പാകം ചെയ്ത ഭക്ഷണം നല്‍കി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കേരളത്തിലെ പദ്ധതികളടക്കം ചര്‍ച്ച ചെയ്യാനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി നടത്തിയ കൂടിക്കാഴ്ച സൗഹൃദം പങ്കിടലിന്റേതുകൂടിയായി.സ്വന്തമായി പാകം ചെയ്ത ഭക്ഷണം നല്‍കിക്കൊണ്ടായിരുന്നു നിതിന്‍ ഗഡ്കരി പ്രിയങ്കയെ സ്വീകരിച്ചത്.
പാര്‍ലമെന്റ് വളപ്പിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. യൂട്യൂബ് വീഡിയോ കണ്ടായിരുന്നു ഗഡ്കരിയുടെ പാചകം. അരികൊണ്ടുള്ള വിഭവവും ചട്നിയുമായിരുന്നു പ്രധാനം. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. പ്രിയങ്കയും കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിംഗ് ഹൂഡയും ഗഡ്കരിയുമായി സംസാരിക്കുന്നതിനിടയില്‍ വിഭവം രുചിച്ചു നോക്കുന്നത് കാണാം.


നിതിൻ ഗഡ്കരി തയാറാക്കിയവിഭവം
കേരളത്തിലൂടെ കടന്നുപോകുന്ന ആറ് റോഡ് പദ്ധതികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ചില പദ്ധതികള്‍ കേരള സര്‍ക്കാരിന്റെ കീഴിലാണെന്നും അതിനാല്‍ കേന്ദ്രത്തിന് അവ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മറ്റുള്ളവ പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ലോക്സഭാ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ റായ് ബറേലിയിലെ ചില റോഡുകളെക്കുറിച്ച് അടുത്തിടെ തന്നെ കണ്ട് സംസാരിച്ചിരുന്നുവെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

