സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഇഷാൻ കിഷന്റെ സെഞ്ച്വറി കരുത്തില്‍ ജാര്‍ഖണ്ഡിന് കിരീടം

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം ചൂടി ജാർഖണ്ഡ്. ഹരിയാനയെ 69 റണ്‍സിനാണ് ജാർഖണ്ഡ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെന്ന ഹിമാലയൻ ടോട്ടല്‍ പടുത്തുയർത്തിയപ്പോള്‍ ഹരിയാനയുടെ മറുപടി 193 റണ്‍സില്‍ അവസാനിച്ചു.
ക്യാപ്റ്റൻ കൂടിയായ ഇഷാൻ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് ജാർഖണ്ഡ് വലിയ ടോട്ടല്‍ പടുത്തുയർത്തിയത്. വെറും 45 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. 10 സിക്സറുകളും ആറ് ഫോറുകളും കിഷന്റെ ബാറ്റിങ്ങില്‍ നിന്ന് പിറന്നു. 49 പന്തില്‍ 101 റണ്‍സ് നേടി ക്യാപ്റ്റൻ കൂടിയായ ഇഷാൻ പുറത്തായി.

ഓപ്പണറായ കുമാർ കുശാഗ്രയും തിളങ്ങി. 38 പന്തില്‍ 81 റണ്‍സുമായി താരം പുറത്തായി. അഞ്ചു സിക്സറുകളും എട്ട് ഫോറുകളും കുശാഗ്ര നേടി. അങ്കുല്‍ റോയ് (40 ), റോബിൻ മിൻസ് (31 ) എന്നിവരും ജാർഖണ്ഡിന് വേണ്ടി തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ ഹരിയാനയ്ക്ക് വേണ്ടി യഷ് വർധൻ ദലാല്‍(53 ), സാമന്ത് ദേവേന്ദ്രർ (38 ) നിഷാന്ത് സിന്ധു (31 ), എന്നിവർ പൊരുതിയെങ്കിലും ഫലം കണ്ടില്ല. ജാർഖണ്ഡിന് വേണ്ടി ബാല്‍ കൃഷ്ണയും സുശാന്ത് മിശ്രയും മൂന്ന് വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നേടി ഹരിയാന ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിലാണ് ഫൈനല്‍ പോര് നടന്നത്.

