
ബെംഗളൂരു: ബെംഗളൂരുവില്‍ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് യുവാവ്. ഡിസംബർ 14-ന് ത്യാഗരാജനഗറിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.മുത്തശ്ശിയുടെ വീടിനടുത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുനില്‍ക്കുകയായിരുന്ന നീവ് ജെയിൻ എന്ന അഞ്ച് വയസ്സുകാരനെ, പിന്നിലൂടെ ഓടിവന്ന രഞ്ജൻ (35) എന്നയാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. കുട്ടി തെറിച്ചു വീഴുന്നതിന്റെയും ഭയന്ന് റോഡില്‍ ഇരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു ഫുട്ബോളിനെ എന്നപോലെയാണ് തന്റെ മകനെ അയാള്‍ ചവിട്ടിത്തെറിപ്പിച്ചതെന്ന് കുട്ടിയുടെ അമ്മ ദീപിക പറഞ്ഞു.
ആക്രമണത്തില്‍ കുട്ടിയുടെ പുരികത്തിന് സമീപവും കൈകാലുകളിലും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൊലിസ് നടത്തിയ അന്വേഷണത്തില്‍ രഞ്ജൻ ഒരു ജിം ട്രെയിനറാണ ഇത് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ ഇതാദ്യമായല്ല കുട്ടികളെ ആക്രമിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പാളത്തിലൂടെ ‘ഥാർ’ സവാരി; ഡിമാപൂരില്‍ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വൈറലായി ദൃശ്യങ്ങള്‍
സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഇതേ രീതിയില്‍ മറ്റ് കുട്ടികളെയും ചില പെണ്‍കുട്ടികളെയും ഇയാള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. യാതൊരു പ്രകോപനവുമില്ലാതെ റോഡിലിറങ്ങി കുട്ടികളെ ഉപദ്രവിക്കുന്നത് ഇയാളുടെ പതിവാണെന്ന് ദീപിക മാധ്യമങ്ങളോട് വെളിപ്പെടുത്തി.

പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് ബന്ധുക്കള്‍ അവകാശപ്പെടുന്നത്. മാനസിക രോഗത്തിന് ചികിത്സ തേടാൻ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് നോർത്ത് ഡിസിപി അറിയിച്ചു. നിലവില്‍ കൂടുതല്‍ കുട്ടികള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി മുന്നോട്ട് വരുന്നുണ്ട്. പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യാനാണ് പൊലിസിന്റെ തീരുമാനം. കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ബെംഗളൂരുവില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
