Fincat

‘വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേര്‍ പുറത്തായെന്ന വാര്‍ത്ത ആശങ്കയുണ്ടാക്കുന്നു’: മുഖ്യമന്ത്രി

എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടികയില്‍ നിന്നും 25 ലക്ഷം പേര്‍ പുറത്തായി എന്ന മാധ്യമ വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപാകതകള്‍ നിറഞ്ഞ പട്ടികയാണ് തയ്യാറാവുന്നത് എന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സമ്മതിദാനാവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്നതിന് തുല്യമാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണം അനാവശ്യ തിടുക്കത്തോടെ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

1 st paragraph

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടര്‍ പട്ടികയില്‍ നിന്നും 25 ലക്ഷം പേര്‍ പുറത്തായി എന്ന മാധ്യമ വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിയവര്‍, ഇരട്ട രജിസ്‌ട്രേഷന്‍, കണ്ടെത്താനാകാത്തവര്‍ എന്നിവര്‍ക്ക് പുറമേ ”മറ്റുള്ളവര്‍” (others) എന്ന നിലയിലും വോട്ടര്‍ പട്ടികയില്‍ നിന്നും വലിയ തോതിലുള്ള ഒഴിവാക്കല്‍ നടക്കുന്നുവെന്നതാണ് ആശങ്ക. ആരാണ് ഈ ”മറ്റുള്ളവര്‍” എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു തന്നെ വ്യക്തതയില്ല. അപാകതകള്‍ നിറഞ്ഞ പട്ടികയാണ് തയ്യാറാവുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. സാങ്കേതിക കാരണങ്ങളാല്‍ റദ്ദ് ചെയ്യപ്പെടേണ്ടതല്ല സമ്മതിദാനാവകാശം. അത് ജനാധിപത്യ സമൂഹത്തില്‍ പ്രായപൂര്‍ത്തിയായ പൗരന് ഉറപ്പാക്കേണ്ട അവകാശമാണ്. അത് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്നതിനു തുല്യമാണ്.

2nd paragraph

കേരളത്തില്‍ ഇതിനു മുന്‍പ് എസ്‌ഐആര്‍ പ്രക്രിയ നടന്നത് 2002- ലാണ്. അന്ന് 18 വയസ്സില്‍ താഴെയുള്ളവര്‍ക്കാകെ (അതായത് ഇന്ന് 40 വയസ്സിനു താഴെയുള്ളവര്‍) വോട്ടര്‍ പട്ടികയില്‍ ഇടംനേടാന്‍ തങ്ങളുടെ ബന്ധുത്വം തെളിയിക്കേണ്ട നിലയാണ്. ഇത് പൂര്‍ത്തിയാകാത്തതിനാല്‍ ഒരു ജില്ലയില്‍ ഏകദേശം 2 ലക്ഷം പേര്‍ എന്ന കണക്കില്‍ നിലവില്‍ വോട്ടര്‍ പട്ടികയില്‍ അര്‍ഹത നേടാത്ത സ്ഥിതിയുണ്ട് എന്നുവേണം ലഭ്യമായ വിവരങ്ങള്‍ പ്രകാരം മനസ്സിലാക്കാന്‍. വേണ്ടത്ര സുതാര്യതയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നടപടിയാകെ നടപ്പിലാക്കിയത്. ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍ പട്ടിക പരിഷ്‌കരണം അനാവശ്യ തിടുക്കത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തന്നെ നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് നിലവിലെ സാഹചര്യത്തിന് ഉത്തരവാദി. ബിഎല്‍ഓമാരെ തിടുക്കത്തിലാക്കി സമ്മര്‍ദ്ദത്തിലാക്കുന്ന ഈ നടപടി പുനരാലോചിക്കണമെന്ന് സര്‍ക്കാരും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും അന്നു തന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് കമ്മീഷന്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോയത്.

2025 സെപ്തംബറില്‍ നടന്ന സ്‌പെഷ്യല്‍ സമ്മറി റിവിഷനില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും എസ്‌ഐആര്‍ പ്രകാരം പുതുക്കിയ പട്ടികയില്‍ നിന്നും പുറന്തള്ളപ്പെടില്ല എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണം. രാഷ്ട്രീയ പാര്‍ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാവുന്ന രീതിയില്‍ എസ്‌ഐആര്‍ സംബന്ധിച്ച വിവരങ്ങള്‍ സുതാര്യമാക്കി വെബ്‌സൈറ്റില്‍ ലഭ്യമാക്കണം.

സംസ്ഥാനത്തെ അര്‍ഹരായ വോട്ടര്‍മാരില്‍ അവസാനത്തെ ആളെവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പടുത്തുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണം. അതിനുവേണ്ടി എല്ലാ നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തത്. സുപ്രീം കോടതി തന്നെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലെ അപാകതകള്‍ ഗൗരവമായെടുക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകണം എന്നും നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയുള്ള നടപടികള്‍ പുന:പരിശോധിക്കുകയും അനാവശ്യ തിടുക്കം ഒഴിവാക്കുകയും വേണം. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്നും പുറന്തള്ളുകയല്ല വേണ്ടത്, ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അര്‍ഹരായ എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാവണം തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന്റെ അടിസ്ഥാനം.