
ഇടുക്കി: രാജകുമാരി നടുമറ്റത്ത് പകല്‍സമയത്ത് വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായി.കൊല്ലം അഞ്ചുതെങ്ങ് സ്വദേശി തെരുവത്ത് ബനാൻസിന്റെ ഭാര്യ സോണിയ (സരോജ) ആണ് രാജാക്കാട് പൊലിസിന്റെ വലയിലായത്. കോട്ടയം മണർകാട്ടുള്ള വാടക വീട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ നടുമറ്റം പാലക്കുന്നേല്‍ ടോമിയുടെ വീട്ടിലായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള കവർച്ച നടന്നത്. ടോമിയുടെ അമ്മ മറിയക്കുട്ടി (80) വീട്ടില്‍ തനിച്ചായിരുന്ന സമയം നോക്കിയാണ് മൂന്നംഗ സംഘം എത്തിയത്. കുടിക്കാൻ വെള്ളം ചോദിച്ചാണ് രണ്ട് സ്ത്രീകളടങ്ങുന്ന സംഘം വീട്ടിനുള്ളില്‍ കയറിയത്. അകത്തുകയറിയ ഉടൻ വയോധികയെ ബലമായി ഊണ്‍മേശയില്‍ കെട്ടിയിടുകയായിരുന്നു. പിന്നാലെ മറിയക്കുട്ടിയുടെ വിരലിലുണ്ടായിരുന്ന മൂന്ന് മോതിരങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയും സംഘം കവർന്നു.

പിടിയിലായ സരോജ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത് പൊലിസിനെ കുഴപ്പിക്കുന്നുണ്ട്. പല ചോദ്യങ്ങള്‍ക്കും അവ്യക്തമായ മറുപടികളാണ് ഇവർ നല്‍കുന്നത്. സരോജയുടെ പേരില്‍ പാമ്ബാടി സ്റ്റേഷനില്‍ മാത്രം 9 കേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു. കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ വാഴൂർ സ്വദേശിയായ അല്‍ത്താഫ് ആണെന്നും പൊലിസ് സംശയിക്കുന്നു. ഒളിവിലുള്ള മറ്റ് രണ്ട് പേർക്കായി പൊലിസ് തിരച്ചില്‍ ഊർജ്ജിതമാക്കി. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
