Fincat

ഒട്ടും പ്രതീക്ഷിക്കാത്ത വിയോഗം’; ഉർവശി

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ പ്രതികരിച്ച് നടി ഉർവശി. മരണവാർത്ത തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയാണ് കേട്ടത്. എറണാകുളത്ത് ഒരു സിനിമയുടെ പൂജയിലാണ് അവസമായി കണ്ടത്. അന്ന് ഒരുപാട് നേരം സംസാരിക്കുകയും പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊർജം കണ്ടപ്പോൾ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുപാട് സങ്കടവും വിഷമവുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെയെന്നും ഉർവശി പറഞ്ഞു.

1 st paragraph

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.

ശ്രീനിവാസൻ എന്ന കലാകാരന്റെ പ്രതിഭ പൂർണ്ണമായും വെളിപ്പെടുന്നത് തിരക്കഥാ രംഗത്താണ്. 1984-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. സിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി ഒ കണ്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസനെ ഒപ്പം ചേർക്കുന്നത്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽപ്പിറന്ന സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ് തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങൾ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് മലയാള സിനിമയിലെ ഒരു പാഠപുസ്തകമായിരുന്നു ‘സന്ദേശം’.

2nd paragraph

സംവിധായകന്റെ കുപ്പായത്തിലും ശ്രീനിവാസൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അപകർഷതാബോധമുള്ള ഒരു ഭർത്താവിന്റെ കഥ പറഞ്ഞ വടക്കുനോക്കിയന്ത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി. ഒരു ഗ്രാമീണന്റെ സാമൂഹിക കാഴ്ചപ്പാടുകളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ചിന്താവിഷ്ടയായ ശ്യാമള അപൂർവ അനുഭവങ്ങളിലൊന്നായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ശ്രീനിവാസനെ തേടിയെത്തി.