Fincat

തദ്ദേശ ഭരണസമിതികള്‍ ഇന്ന് പടിയിറങ്ങും: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ


മലപ്പുറം: അഞ്ചുവർഷ കാലാവധി പൂർത്തിയാക്കി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണസമിതികള്‍ ഇന്ന് ഔദ്യോഗികമായി പടിയിറങ്ങും.നാളെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ രാവിലെ 10നും കോർപറേഷനുകളില്‍ 11.30നുമാണ് സത്യപ്രതിജ്ഞ.

ഓരോ തദ്ദേശസ്ഥാപനത്തിലും വരണാധികാരി ഏറ്റവും മുതിർന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ മുതിർന്ന അംഗം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. അധ്യക്ഷസ്ഥാനങ്ങളിലെ മാറ്റങ്ങള്‍, അവിശ്വാസപ്രമേയങ്ങള്‍, രാഷ്ട്രീയ തർക്കങ്ങള്‍ തുടങ്ങി സംഭവബഹുലമായിരുന്നു പല തദ്ദേശസ്ഥാപനങ്ങളിലും കഴിഞ്ഞ അഞ്ചുവർഷം. ചിലയിടങ്ങളില്‍ ആഭ്യന്തര കലഹങ്ങള്‍ വികസനത്തെ ബാധിച്ചപ്പോള്‍, ചിലയിടങ്ങളില്‍ ഭരണ, പ്രതിപക്ഷ ഭേദമന്യേയുള്ള ഐക്യം നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസനപ്രവർത്തനങ്ങള്‍ക്ക് വഴിയൊരുക്കി. പ്രളയം, പകർച്ചവ്യാധികള്‍ തുടങ്ങിയ വെല്ലുവിളികള്‍ക്കിടയിലും ജനകീയ ഇടപെടലുകളിലൂടെ ജനങ്ങളോട് ചേർന്നുനില്‍ക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായാണ് ഭൂരിഭാഗം ഭരണസമിതികളും പടിയിറങ്ങുന്നത്.

1 st paragraph

എന്നാല്‍, സാങ്കേതിക തടസങ്ങള്‍ കാരണവും ഫണ്ട് ലഭ്യതയിലെ കുറവുകള്‍ മൂലവും പാതിവഴിയില്‍ മുടങ്ങിപ്പോയ പദ്ധതികള്‍ പുതിയ ഭരണസമിതികള്‍ക്ക് മുന്നിലെ വലിയ വെല്ലുവിളിയായി മാറും. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത പുതുമുഖങ്ങള്‍ക്ക് ലഭിച്ച പ്രാമുഖ്യമാണ്. രാഷ്ട്രീയപാർട്ടികള്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും നല്‍കിയ പരിഗണന തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. അതില്‍ത്തന്നെ പകുതിയിലധികം പേർ വനിതകളാണ്.

പിന്നാലെ അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, സ്ഥിരംസമിതി അംഗങ്ങള്‍…

2nd paragraph

കൊച്ചി: തദ്ദേശസ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായാലുടൻ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള നോട്ടിസ് പുറപ്പെടുവിക്കും. കോർപറേഷനിലെയും മുൻസിപ്പാലിറ്റികളിലെയും അധ്യക്ഷന്മാരെ 26ന് രാവിലെയും ഉപാധ്യക്ഷന്മാരെ 26ന് ഉച്ചയ്ക്ക് ശേഷവും തെരഞ്ഞടുക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെയും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷവും നടക്കും.

പിന്നീട് നടക്കുന്നത് സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പായിരിക്കും. ജനുവരി 11നുമുമ്ബ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. കോർപറേഷനില്‍ എട്ടും (ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി ആപ്പീല്‍, വിദ്യാഭ്യാസം) മുൻസിപ്പാലിറ്റിയില്‍ ആറും (മരാമത്ത്, വിദ്യാഭ്യാസം, ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം) ജില്ലാപഞ്ചായത്തില്‍ അഞ്ചും (ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, ധനകാര്യം, വികസനം,ക്ഷേമം) ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലുവീതം (ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, വികസനം) സ്ഥിരംസമിതികളാണ് രൂപീകരിക്കേണ്ടത്. സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായതിനുശേഷം മറ്റൊരുദിവസമായിരിക്കും സ്ഥിരംസമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടക്കുക. പകുതി സ്ഥിരംസമിതികളുടെ അധ്യക്ഷ പദവി വനിതാസംവരണമാണെന്ന പ്രത്യേകതയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുരോഗമിക്കുകയാണ്.