കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ മകന്‍; കോളജില്‍ എബിവിപി; ശ്രീനിവാസന്‍ പറഞ്ഞ സിനിമയും രാഷ്ട്രീയവും

തലശേരിക്കടുത്ത പാട്യം കൊട്ടയോടിയിലായിരുന്നു ശ്രീനിവാസന്റെ ജന്മസ്ഥലം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും പ്രൈമറി സ്‌കൂള്‍ അധ്യാപകനുമായിരുന്നു അച്ഛന്‍ ഉണ്ണി. ഉണ്ണിമാഷിന്റെ മകന് അച്ഛന്റെ രാഷ്ട്രീയത്തോട് അത്ര താല്‍പര്യമില്ലായിരുന്നു. അച്ഛനോട് ചില വിയോജിപ്പുകള്‍ അക്കാലത്ത് തന്നെ പ്രകടിപ്പിച്ചിരുന്നു ശ്രീനി. പാട്യം ഒരു പാര്‍ട്ടി ഗ്രാമമാണ്. പാട്യം രാജന്‍, പാട്യം ഗോപാലന്‍ തുടങ്ങി സിപിഐഎമ്മിന്റെ സമുന്നതരായ നേതാക്കള്‍ ആ പ്രദേശത്ത് സമാരാധ്യരായിരുന്നു. പാട്യം ഗോപാലന്‍ ശ്രീനിവാസന്റെ അച്ഛന്‍ ഉണ്ണിമാഷിന്റെ ഏറ്റവും അടുത്ത സുഹൃത്തും രാഷ്ട്രീയ ഗുരുവും ആയിരുന്നു.

പാട്യത്ത് അക്കാലത്ത് നല്ലൊരു വായനശാലയുണ്ടായിരുന്നു. വായനാശീലമാണ് ശ്രീനിവാസനെ നാടകാഭിനയത്തിലേക്കും പിന്നീട് സിനിമയിലേക്കും ആകര്‍ഷിച്ചത്. അച്ഛന്‍ അധ്യാപകനായതിനാല്‍ ശ്രീനിവാസന് നാട്ടില്‍ ഏറെ സ്വീകാര്യത ഉണ്ടായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും വളരെ ചെറുപ്പകാലം മുതല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന വിദ്യാര്‍ഥിയായിരുന്നു ശ്രീനിവാസന്‍. കതിരൂര്‍ സ്‌കൂളിലെ പഠനകാലം ശ്രീനിവാസനെ കൂടുതല്‍ കരുത്തനാക്കിമാറ്റുകയായിരുന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞതോടെ ശ്രീനിവാസന്‍ പഠനം മട്ടന്നൂര്‍ കോളജിലേക്ക് മാറ്റി.പിആര്‍എന്‍എസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ശ്രീനിവാസന്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അച്ഛന്റെ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയുടെ എതിരാളികളായ എബിവിപിക്കാരാണ് ശ്രീനിവാസനെ മത്സരിപ്പിക്കുന്നത്. കോളജ് മട്ടന്നൂര്‍ ടൗണില്‍ നിന്നും കുറച്ച് അകലെയാണ്. ഒരു കുന്നിന്‍ മുകളില്‍. ഒരു തിങ്കളാഴ്ച കോളജിന്റെ കുന്നുകയറി വന്ന രാഷ്ട്രീയ എതിരാളികളായ വിദ്യാര്‍ഥികള്‍ ഞെട്ടി. കോളജ് കവാടത്തില്‍ ഒരു വലിയ ബാനര്‍, പാട്യം ശ്രീനിയെ വിജയിപ്പിക്കുക എന്നായിരുന്നു അത്.
അക്കാലത്ത് പാട്യം ഗോപാലനെന്നും പാട്യം രാജനെന്നും മാത്രം കേട്ട രാഷ്ട്രീയക്കാരായ വിദ്യാര്‍ഥി നേതാക്കള്‍ ഇതാരാണെന്ന അന്വേഷണത്തിലായി. ഒടുവില്‍ ആളെക്കണ്ടെത്തി. വിവരം അന്നുതന്നെ പാട്യത്തുള്ള വീട്ടില്‍ അറിഞ്ഞു. അച്ഛന്‍ ഉണ്ണിമാഷ് ആകെ രോഷാകുലനായി. എന്നാല്‍ ശ്രീനിവാസന്‍ കുലുങ്ങിയില്ല. ശ്രീനിവാസന്‍ അക്കാലത്ത് മട്ടന്നൂരിലുള്ള അമ്മവീട്ടിലായിരുന്നു താമസം. അതിനാല്‍ അച്ഛന്റെ രോഷം നേരില്‍ കണ്ടില്ല, കേട്ടില്ല.

തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും ശ്രീനിവാസന്‍ പെട്ടെന്ന് കോളജില്‍ പ്രസിദ്ധനായി. കോളജ് പഠനം കഴിഞ്ഞ് നാട്ടില്‍ അത്യാവശ്യം നാടക പ്രവര്‍ത്തനവും മറ്റുമായി കഴിയവേയാണ് നാട്ടുകാരിയായ വിമലയെ പരിചയപ്പെടുന്നത്. നാടകം അഭിനയിച്ചും എഴുതിയും മറ്റും നടക്കുന്ന ഒരാള്‍ക്ക് തന്നെ കെട്ടിച്ചുതരില്ലെന്ന് ടിടിസി പാസായി നില്‍ക്കുന്ന വിമല കട്ടായം പറഞ്ഞു. അപ്പോള്‍ എന്തു ചെയ്യുമെന്നായി ശ്രീനിവാസന്റെ ചിന്ത. അങ്ങിനെയാണ് മദിരാശിയിലെ അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാനായി പോകാന്‍ തീരുമാനിച്ചത്. അച്ഛന്‍ ഒരു കാരണവശാലും മദിരാശി യാത്രയ്ക്ക് അനുകൂലമായിരുന്നില്ല. ഒടുവില്‍ വിമലയുടെ സഹായം തേടാന്‍ തീരുമാനിച്ചു. അങ്ങിനെ വിമല നല്‍കിയ പണവുമായാണ് ശ്രിനിവാസന്‍ അഡയാറിലേക്ക് വണ്ടികയറുന്നത്.
സിനിമാ പഠനത്തിന് അവിടെ എത്തിയപ്പോള്‍ ഒരു ബാംഗ്ലൂര്‍ സ്വദേശിയായ ഒരാളായിരുന്നു അടുത്തിരുന്നയാള്‍. ആള്‍ ബസ് കണ്ടക്ടറായിരുന്നു, സിനിമാ മോഹം തലയ്ക്കുകയറിയപ്പോള്‍ ജോലി ഉപേക്ഷിച്ച് എത്തിയതാണ്. ആള്‍ അത്യാവശ്യം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നാടക പാരമ്പര്യം മാറ്റുരച്ചുനോക്കുമ്പോള്‍ താനാണ് അധികം നാടകത്തില്‍ വേഷമിട്ടിട്ടുള്ളതെന്ന് ശ്രീനിവാസന് ബോധ്യപ്പെട്ടു.
പില്‍ക്കാലത്ത് തമിഴ് സിനിമയുടെ ആത്മാവും നട്ടെല്ലുമായി ആ സഹപാഠി മാറുമെന്ന് ആരും കരുതിയിരുന്നില്ല. അത് രജനീകാന്തായിരുന്നു. കഥ പറയുമ്പോള്‍ എന്ന ചിത്രം റിലീസ് ചെയ്തപ്പോഴാണ് ഇരുവരും ഇക്കഥ പറഞ്ഞത്. ശ്രീനിവാസന്‍ അഭിനയത്തില്‍ ഡിപ്ലോമ നേടിയെങ്കിലും തിരിച്ചറിയാവുന്ന വേഷങ്ങളിലൊന്നും എത്തിയില്ല. പിഎം ബക്കര്‍ ഒരു ചെറിയ വേഷം നല്‍കിയെങ്കിലും ശ്രദ്ധേയമായ വേഷമൊന്നും ശ്രിനിവാസനെ തേടിയെത്തിയില്ല. ചെറിയ ചെറിയ വേഷങ്ങളുമായി കോടമ്പാക്കത്ത് കഴിഞ്ഞുകൂടി. ഇതിനിടയിലാണ് പ്രിയദര്‍ശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രിയദര്‍ശന്റെ നിര്‍ബന്ധത്താല്‍ മാത്രമാണ് താന്‍ തിരക്കഥയെഴുതാന്‍ തയ്യാറായത് എന്നാണ് ശ്രിനിവാസന്‍ പിന്നീട് പറഞ്ഞിട്ടുള്ളത്.
അഭിനയിക്കാനായാണ് തിരക്കഥയെഴുത്ത് ഏറ്റെടുത്തത്. മലയാള സിനിമയുടെ ഗതിവിഗതികള്‍ മാറ്റിയ തീരുമാനമായിരുന്നു അത്. ശ്രീനിവാസന്‍-മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടാണ് മലയാളിയെ ഏറെ ചിരിപ്പിച്ചതും അതിലേറെ ചിന്തിപ്പിച്ചതും. രാഷ്ട്രീയ വിഷയങ്ങള്‍ ഇത്രയേറെ ഹാസ്യാത്മകമായി സിനിമയില്‍ ഉപയോഗിച്ച മറ്റൊരു തിരക്കഥാകൃത്തും മലയാളത്തില്‍ ഉണ്ടായിട്ടില്ല.
അച്ഛനുമായി ഒരു അകല്‍ച്ച എന്നും പാലിച്ചുപോന്നിരുന്നു. പരസ്യമായി അച്ഛന്‍ സിനിമയേയും മറ്റും എതിര്‍ത്തിരുന്നുവെങ്കിലും ഓടരുതമ്മാവാ ആളറിയുമെന്ന ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതിയ ചിത്രം കാണാനായി അച്ഛന്‍ തലശ്ശേരിയിലെ ഒരു തിയേറ്ററില്‍ ആദ്യ ദിവസം കാണാന്‍ പോയതും, അവിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഷര്‍ട്ട് കീറിപ്പോയതുമായ സംഭവത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ചിന്താവിഷ്ടയായ ശ്യാമളയിലെ തിലകന്റെ റോള്‍ ഒക്കെ തന്റെ അച്ഛനില്‍ നിന്നും ഉള്‍ക്കൊണ്ടതാണെന്ന് ശ്രീനിയേട്ടന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സന്ദേശത്തിലെ ഓരോ കഥാപാത്രങ്ങളും പാട്യത്തും കൊട്ടയോടിയിലും കൂത്തുപറമ്പിലും മറ്റും നമ്മള്‍ കണ്ടിട്ടുണ്ട്. പഴകും തോറും ഏറെ വീര്യത്തോടെ ആനുകാലിക രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദേശത്തിന്റെ തിരക്കഥ ശ്രീനിവാസന്‍ എന്ന പ്രതിഭയെ എന്നും ഓര്‍ക്കാനുള്ള സൃഷ്ടിയാണ്. ഉത്തമാ നീ പാര്‍ട്ടിക്ലാസില്‍ കൃത്യമായി പങ്കെടുക്കാത്തതുകൊണ്ടാണ് … പ്രിഡിഗ്രി അത്രമോശം ഡിഗ്രിയൊന്നുമല്ല, പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, തുടങ്ങി എത്രയെത്ര ഡയലോഗുകളാണ് മലയാളി നിത്യവും പറഞ്ഞുപോന്നിരുന്നത്. നാടന്‍ ഭാഷയും നാട്ടുകാരന്റെ ഹൃദയവും ഒരുപോലെ മലയാള സിനിമയില്‍ പാകത്തിന് ഉപയോഗിച്ച തിരക്കഥാകൃത്തായിരുന്നു ശ്രീനിവാസന്‍. തന്റെ ശരീരത്തെ ഇത്രയേറെ സ്വയം കളിയാക്കിയ മറ്റൊരു നടനും മലയാളത്തിലുണ്ടായിട്ടില്ല.
കണ്ണൂരില്‍ ബോംബ് രാഷ്ട്രീയം ആധിപത്യം സ്ഥാപിച്ചിരുന്നൊരു കാലത്താണ് ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക ‘ എന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത്, ആര്‍ക്കുവേണ്ടിയും ബോംബ് നിര്‍മ്മിക്കുന്ന കഥാപാത്രം. ആ ചിത്രത്തിലൂടെ നാട്ടിലെ നിരവധി രാഷ്ട്രീയ വിഷയമാണ് ശ്രീനിവാസന്‍ പറഞ്ഞുപോയത്.
മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ഒരുപോലെ അടുപ്പം സൂക്ഷിച്ചിരുന്ന നടനായിരുന്നു ശ്രീനിവാസന്‍. എന്നാല്‍ രണ്ടുപേരേയും വിമര്‍ശിക്കാന്‍ ധൈര്യമുള്ള തിരക്കഥാകൃത്തായിരുന്നു ശ്രീനിവാസന്‍. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച കഥാപാത്രങ്ങള്‍ ശ്രീനിവാസന്റെ തൂലികയിലൂടെ പിറന്നു. ഈ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം എവര്‍ഗ്രീന്‍ ആയി തുടര്‍ന്നു. വരവേല്‍പ്പ് മുതല്‍ ഉദയനാണ് താരം വരെയുള്ള എത്രയെത്രം കഥാപാത്രങ്ങളാണ് മോഹന്‍ലാലിന് മലയാളി പ്രേക്ഷകര്‍ക്കായി നല്‍കാന്‍ കഴിഞ്ഞത്. സൂപ്പര്‍താര പദവിയില്‍ എത്തിയ ഒരാളുടെ കഥ പറഞ്ഞ ഡോ പത്മശ്രീ സരോജ് കുമാര്‍ എന്ന ചിത്രം മോഹന്‍ലാലിനെ കളിയാക്കുന്നതാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ശ്രീനിവാസന്‍ അത്തരമൊരു ചിത്രത്തിന് തിരക്കഥയൊരുക്കി. ഏറെ വിമര്‍ശനം ഏറ്റുവാങ്ങി. എന്നിട്ടും ആരേയും കൂസാതെ നെഞ്ച് വിരിച്ചു നിന്നു.
സിനിമയ്ക്കുള്ളിലെ ചതിയും കുതികാല്‍ വെട്ടും അദ്ദേഹം തുറന്നുപറഞ്ഞു. തനിക്ക് ശരിയാണെന്ന് തോന്നിയ രാഷ്ട്രീയവും, നിലപാടും ഒരു ഭയവുമില്ലാതെ പങ്കുവെച്ചു. ഉന്നത നേതാക്കളുടേയും ഭരണാധികാരികളുടേയും കൊള്ളരുതായ്മകളെക്കുറിച്ച് മുഖം നോക്കാതെ സംസാരിച്ചു. ഭക്തിക്കച്ചവടത്തെകുറിച്ച് വ്യക്തമായി തുറന്നടിച്ചു.
സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ എന്ന ടൈറ്റില്‍ കണ്ടാല്‍ പിന്നെ ഒന്നും ആലോചിക്കാതെ സിനിമ കാണാന്‍ ടിക്കറ്റെടുത്തിരുന്ന ഒരു കാലം മലയാളി സിനിമാ പ്രേമികള്‍ക്ക് നല്‍കിയത് ശ്രീനിവാസന്‍ എന്ന എഴുത്തുകാരനിലുള്ള വിശ്വാസമായിരുന്നു. ഒരു കാലത്തെഘട്ടത്തെ തന്നെ സിനിമയില്‍ രേഖപ്പെടുത്തിയ തിരക്കഥാ കൃത്ത്. സംവിധാനം ചെയ്തത് വെറും രണ്ടു സിനിമകള്‍മാത്രം. പലപ്പോഴും അഭിമുഖങ്ങളില്‍ ചോദിച്ച, ചോദ്യമാണിത്. എന്തു കൊണ്ട് വെറും രണ്ടു സിവനിമകള്‍ മാത്രം. അപ്പോഴെല്ലാം പറഞ്ഞത്, എനിക്ക് അത്രയും വലിയ കാര്യങ്ങള്‍ ഏറ്റെടുക്കാനുള്ള ധൈര്യമില്ലെന്നായിരുന്നു. ശ്രീനിവാസന്‍ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും മലയാളികള്‍ അന്നും ഇന്നും ഏപ്പോഴും സ്വീകരിക്കുന്നതായിരുന്നു. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ ദേശീയ അവാര്‍ഡ് നേടിയപ്പോഴും സിനിമകള്‍ തുടര്‍ച്ചയായി സംവിധാനം ചെയ്യാന്‍ മെനക്കെട്ടില്ല. താന്‍ ചെയ്യാത്ത സിനിമകളാണ് മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ശ്രീനിവാസനില്ലാത്തൊരു സിനിമാ ലോകമാണ് ഇനി മലയാളത്തിന്. പക്ഷേ,ശ്രീനിവാസന്‍ തന്നിട്ടുള്ള സിനിമകള്‍ എന്നും ആ മഹാപ്രതിഭയുടെ നല്ല ഓര്‍മകളായി നിലകൊള്ളും, നിത്യ സ്മാരകങ്ങളായി.
ശ്രീനിവാസന്‍ തന്നിട്ടുള്ള സിനിമകള്‍ എന്നും ആ മഹാപ്രതിഭയുടെ നല്ല ഓര്‍മകളായി നിലകൊള്ളും, നിത്യ സ്മാരകങ്ങളായി.
