അവനെ പോലൊരു താരത്തെ ഇന്ത്യക്ക് ആവശ്യമാണ്: മുൻ ഇന്ത്യൻ താരം

അടുത്ത വർഷം നടക്കുന്ന ഐസിസി ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാർ യാദവിന്റെ കീഴിലാണ് ഇന്ത്യൻ ടീം ലോകകപ്പിനെത്തുന്നത്.അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
മലയാളി സൂപ്പർതാരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. ഇന്ത്യൻ ടി-20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മൻ ഗില്ലിന് ടീമില്‍ ഇടം നേടാൻ സാധിച്ചില്ല. ടീമില്‍ ജിതേഷ് ശർമ്മക്കും ഇടം നേടാനായില്ല. സെക്കന്റ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ആണ് ടീമിലെത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാർഖണ്ഡിനായി മിന്നും പ്രകടനമാണ് ഇഷാൻ നടത്തിയത്. ഈ പ്രകടനമാണ് താരത്തെ വീണ്ടും ടീമില്‍ എത്തിച്ചത്.

അതേസമയം റിങ്കു സിങ് ടീമിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ ലോകകപ്പ് ടീമില്‍ ഇടം നേടിയ റിങ്കുവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സബ കരീം. മത്സരങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാനുള്ള കഴിവ് റിങ്കുവിനെ പോലെ കുറച്ചു താരങ്ങള്‍ക്ക് മാത്രമേ ഉണ്ടാവുകയുള്ളുവെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്.
”റിങ്കു സിങ് ടീമിലേക്ക് തിരിച്ചെത്തിയത് കാണുന്നത് നല്ല കാര്യമാണ്. ഇന്ത്യൻ ടീമിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നു. കാരണം മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നതിനുള്ള ശീലം വളരെ കുറച്ചു താരങ്ങളില്‍ മാത്രമേ കാണപ്പെടുകയുള്ളൂ. റിങ്കുവിന് ആ കഴിവുണ്ട്” സബ കരീം സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു.

അടുത്തിടെ ഉത്തർപ്രദേശ് പ്രീമിയർ ലീഗില്‍ റിങ്കു സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. യുപി പ്രീമിയർ ലീഗില്‍ മീററ്റ് മാവെറിക്സിനായാണ് റിങ്കു കളിക്കുന്നത്. ഗോരഖ്പൂർ ലയണ്‍സിനെതിരെ 48 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് റിങ്കു അടിച്ചെടുത്തത്. ഏഴ് ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് റിങ്കുവിന്റെ തകർപ്പൻ പ്രകടനം. ഈ മിന്നും പ്രകടനം ലോകകപ്പിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
