ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ പുതിയ പാലങ്ങള്‍ തുറന്നു; യാത്രാ സമയം 2 മിനിറ്റായി കുറയും

ദുബൈ: ദുബൈയിലെ ഏറ്റവും തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ട് പുതിയ പാലങ്ങള്‍ കൂടി തുറന്നു.ആർടിഎ (RTA) നടപ്പിലാക്കുന്ന വികസന പദ്ധതിയുടെ ഭാഗമായാണ് പാലങ്ങള്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതോടെ ഈ മേഖലയിലെ യാത്രാ സമയം 10 മിനിറ്റില്‍ നിന്ന് വെറും രണ്ട് മിനിറ്റായി കുറയും.
ഡിസംബർ 2 സ്ട്രീറ്റില്‍ നിന്ന് അല്‍ മജ്ലിസ് സ്ട്രീറ്റ്, അല്‍ മുസ്തക്ബാല്‍ സ്ട്രീറ്റ്, സബീല്‍ പാലസ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കാണ് പുതിയ പാലങ്ങള്‍ വലിയ ആശ്വാസമാകുന്നത്. ഓരോ പാലത്തിലും രണ്ട് വരി പാതകളാണുള്ളത്. മണിക്കൂറില്‍ ഏകദേശം 6,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാൻ ഈ പാലങ്ങള്‍ക്ക് ശേഷിയുണ്ട്.

2026 ഒക്ടോബറോടെ മറ്റ് രണ്ട് പാലങ്ങള്‍ കൂടി തുറക്കുന്നതോടെ പദ്ധതി പൂർണ്ണമാകും. പദ്ധതി പൂർത്തിയാകുമ്ബോള്‍ ഈ കവലയിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റില്‍ നിന്ന് 90 സെക്കൻഡായി കുറയും.
ദുബൈ വേള്‍ഡ് ട്രേഡ് സെന്റർ, ഡിഐഎഫ്സി (DIFC) എന്നീ വാണിജ്യ കേന്ദ്രങ്ങളിലേക്ക് എത്തുന്നവർക്കും സബീല്‍, അല്‍ സത്വ, അല്‍ കറാമ, അല്‍ ജാഫിലിയ, അല്‍ മൻഖൂല്‍ തുടങ്ങിയ താമസമേഖലകളിലുള്ളവർക്കും വികസനം ഏറെ പ്രയോജനപ്പെടും. ഏകദേശം അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അല്‍ മുസ്തക്ബാല്‍ സ്ട്രീറ്റ് വികസിപ്പിക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങള്‍ നടക്കുന്നത്. 2027-ഓടെ അല്‍ മുസ്തക്ബാല്‍ സ്ട്രീറ്റിലെ വാഹന ശേഷി മണിക്കൂറില്‍ 12,000 ആയി വർദ്ധിപ്പിക്കാനാണ് ദുബൈ ആർടിഎ ലക്ഷ്യമിടുന്നത്.
