അക്ഷര സ്വപ്നങ്ങളിലേക്ക് പറന്നുയരണം: 32ാം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയ്‌ക്കൊരുങ്ങി ആന്ധ്ര സ്വദേശിനി നിഷാന

മലപ്പുറം: ഇരുപതു വര്‍ഷം മുമ്പ് ആന്ധ്രയില്‍ നിന്നെത്തി മലയാളം പഠിച്ച് നാലാംതരം തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുകയാണ് രണ്ട് കുട്ടികളുടെ അമ്മയായ നിഷാന എന്ന യുവതി. ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലാണ് നിഷാനയ്ക്ക് തുല്യത കോഴ്‌സില്‍ പ്രവേശനം കിട്ടിയത്. മലപ്പുറം നഗരസഭയിലെ സാക്ഷരതാപ്രേരക് പി. അജിതകുമാരിയുടെ സഹായത്തോടെ 2023ല്‍ സാക്ഷരതാ പരീക്ഷ പാസായി. അതോടെ പഠിക്കാനുള്ള ആഗ്രഹം തീവ്രമായി. നാലാംതരം തുല്യതാ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തതോടെ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ നിന്ന് പഠനസാമഗ്രികളും ലഭ്യമായി. പന്ത്രണ്ടാം വയസ്സില്‍ സ്വദേശം വിട്ട നിഷാനയ്ക്ക് സ്‌കൂള്‍ രേഖകളൊന്നും ഹാജരാക്കാനില്ലാത്തത് സാക്ഷരതാകോഴ്‌സിന് ചേരാന്‍ തടസ്സമായിരുന്നു. തടസ്സങ്ങള്‍ ഒന്നൊന്നായി നീക്കാനുള്ള പ്രയത്‌നത്തിലാണ് ജില്ലാ സാക്ഷരതാമിഷനും നിഷാനയും.

2005ലാണ് ആന്ധ്രപ്രദേശിലെ കടപ്പ നന്ദ്യാലില്‍ നിന്ന് താനൂരിലെ ഒരു കുടുംബം 12കാരിയായ നിഷാനയെ ദത്തെടുക്കുന്നത്. അമ്മ കൊല്ലപ്പെടുകയും അച്ഛന്‍ ജയില്‍ ശിക്ഷയ്ക്ക് വിധേയനാകുകയും ചെയ്തതോടെ നിരാലംബയായ അവസ്ഥയിലായിരുന്നു ആ പെണ്‍കുട്ടി. അവിടെ നിന്നാണ് പുതിയ സ്വപ്നങ്ങളിലേക്ക് താനൂരിലെ കുടുംബം കൈപിടിച്ചുകൂട്ടിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ പടരാന്‍ അധികം താമസമുണ്ടായില്ല. രക്ഷകരെന്ന് കരുതിയ കുടുംബത്തോടൊപ്പമുള്ള ജീവിതം ദുസ്സഹമായി. ആത്മഹത്യ മാത്രമാണ് പരിഹാരമെന്ന് കരുതിയ നാളുകളിലൊന്നില്‍ ആ പെണ്‍കുട്ടി വീടുവിട്ടിറങ്ങി. മരണത്തിലേക്കുള്ള യാത്ര അവസാനിച്ചത് തവനൂരിലെ മഹിളാ മന്ദിരത്തിലായിരുന്നു. പിന്നീട് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയി. അസിസ്റ്റന്റ് ഹോസ്റ്റല്‍ വാര്‍ഡനായും പാചകത്തൊഴിലാളിയായും പലതരം ജോലികള്‍ ചെയ്തു. അതിനിടെ ഒതുക്കുങ്ങല്‍ സ്വദേശിയായ മുഹമ്മദ് നിസാറുമായുള്ള പ്രണയവും വിവാഹവും നിഷാനയ്ക്ക് പുതിയ സ്വപ്നങ്ങള്‍ നല്‍കി.
നാലാം ക്ലാസ് വരെ തെലുങ്ക് മീഡിയം സ്‌കൂളില്‍ പഠിച്ച് പഠനമുപേക്ഷിക്കേണ്ടി വന്ന അവര്‍ പിന്നീട് മലയാളത്തില്‍ തുടര്‍പഠനം തുടങ്ങി. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം പരിചയക്കാര്‍ വഴി പുതിയ ഭാഷയിലെ അക്ഷരങ്ങള്‍ പഠിച്ചെടുത്തു. ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലാണ് തുല്യതാകോഴ്‌സില്‍ ചേരാന്‍ കഴിഞ്ഞത്. ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ രണ്ട് മക്കളോടൊപ്പം എത്തിയാണ് നാലാംതരം തുല്യതാ പാഠാവലി കൈപ്പറ്റിയത്.

തുല്യതയിലൂടെ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കണമെന്നാണ് മഞ്ചേരി പയ്യനാട് താമസിക്കുന്ന നിഷാനയുടെ സ്വപ്നം. അതിന് നിയമ തടസ്സം മാറിക്കിട്ടും എന്ന പ്രതീക്ഷയിലാണവര്‍. മകന്‍ മുഹമ്മദ് ഹാദി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും മകള്‍ ഹാദിയ യു.കെ.ജി വിദ്യാര്‍ഥിയുമാണ്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, അവരെ പഠനത്തില്‍ സഹായിക്കാന്‍ കഴിയണം. ടൈലറിങ് ജോലികളും പാര്‍ട് ടൈം ജോലികളും തുടരണം. അതോടൊപ്പം സാക്ഷരതാമിഷന്റെ കൈത്താങ്ങില്‍ അക്ഷരസ്വപ്നങ്ങള്‍ക്ക് ചിറകേകണം. അതാണ് നിഷാനയുടെ മുന്നോട്ടുള്ള വഴി.
