തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ സിപിഐഎം; മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ
സിപിഐഎം. ആർ പി ശിവജി മേയർ സ്ഥാനാർഥിയാകും. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. ഇതിനിടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും അറിയിച്ചു. സ്ഥാനാർത്ഥിയെ 24 ന് തീരുമാനിക്കും. 24 ന് കൗൺസിലർമാരുടെ യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിക്കുക.

അതേസമയം ഏറെക്കാലം നീണ്ടുനിന്ന ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേക്കെത്തുന്നത്. വലിയ ആവേശത്തോടെയാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. തലസ്ഥാനത്തെ മേയർ ആരായിരിക്കുമെന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. പ്രതിപക്ഷത്തിരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും നേരത്തെ വ്യക്തമാക്കിയിരുന്നു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഘോഷയാത്രയായാണ് ബിജെപി അംഗങ്ങൾ കോര്‍പറേഷനിലേക്ക് എത്തിയത്. ഒപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കറും മറ്റ് പ്രമുഖ നേതാക്കളും. ബിജെപിക്ക് ആർ ശ്രീലേഖയോ വിവി രാജേഷോ അതോ അപ്രതീക്ഷിത മേയർ വരുമോ എന്നും തീരുമാനമായിട്ടില്ല.

