ശബരിമല സ്വര്‍ണക്കൊള്ള: പങ്കജില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ എസ്‌ഐടി

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഇടപെടലുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണസംഘം. സിഇഒ പങ്കജ് ഭണ്ടാരിയുടെ അറസ്റ്റിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അറസ്റ്റിലായ പങ്കജ് ഭണ്ടാരിക്കും ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണ്ണായക പങ്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണക്കൊളള നടന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

സ്മാര്‍ട്ട് ക്രിയേഷന്‍സ് ശബരിമലയില്‍ എത്തുന്നത് 2009ലാണെന്ന് അവര്‍ തന്നെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചിരുന്നു. ശബരിമലയിലെ ഉപക്ഷേത്രങ്ങളില്‍ സ്വര്‍ണം പൂശിയതായും അവകാശ വാദം ഉന്നയിച്ചതോടെയാണ് ആ വഴിക്ക് അന്വേഷണം.അതേ സമയം പാളികളില്‍ നിന്നും ഉരുക്കിയ സ്വര്‍ണ്ണം എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ല. പങ്കജ് ഭണ്ടാരി, ഗോവര്‍ദ്ധന്‍ എന്നിവരില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണം ശബരിമലയിലേതു തന്നെയെന്ന് ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല. ഉന്നതരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും പ്രത്യേക അന്വേഷണസംഘം നടത്തുന്നുണ്ട്.
ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയായിരുന്നു സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും, മോഷ്ടിച്ച സ്വര്‍ണ്ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ അറസ്റ്റുകളും ഉടന്‍ ഉണ്ടായേക്കും. സ്വര്‍ണ്ണത്തിന് നല്‍കിയ 15 ലക്ഷത്തിന് പുറമെ സ്‌പോണ്‍സര്‍ഷിപ്പായി ഒന്നരക്കോടിയോളം രൂപ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയിട്ടുണ്ടെന്നാണ് അറസ്റ്റിലായ ഗോവര്‍ധന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഈ തുക ഉണ്ണികൃഷ്ണന്‍ പോറ്റി മറ്റാര്‍ക്കെല്ലാം നല്‍കി എന്നതാണ് എസ്‌ഐടി അന്വേഷിക്കുന്നത്.

