കൈക്കൂലിക്കേസ്: ജയില്‍ ഡി.ഐ.ജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ജയിലിനുള്ളില് സൗകര്യങ്ങളൊരുക്കാനും പരോള് നല്കാനും ലക്ഷങ്ങള് കൈക്കൂലി വാങ്ങിയെന്ന കേസിനുപിന്നാലെ ജയില് ഹെഡ്ക്വാര്ട്ടേഴ്സ് ഡി.ഐ.ജി എം.കെ വിനോദ്കുമാറിന് സസ്പെന്ഷന്.
ഇയാള്ക്കെതിരെ റിപ്പോര്ട്ട് നല്കി നാല് ദിവസങ്ങള്ക്ക് ശേഷമാണ് നടപടിയുണ്ടായിരിക്കുന്നത്. സര്വാസ് അവസാനിക്കാന് ഇനി 4 മാസം മാത്രം ബാക്കി നില്ക്കെയാണ് വിനോദിനെതിരെ നടപടിയുണ്ടായിരിക്കുന്നത്. അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെന്ഷനില് തുടരുമെന്നാണ് വിവരം.

കൈക്കൂലി കേസിന് പിന്നാലെ അനധികൃത സ്വത്ത് സമ്ബാദനത്തിനും വിനോദ് കുമാറിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണന് സിജിത്ത് തുടങ്ങിയവരുടെ സുഹൃത്തുക്കളില് നിന്നും ബന്ധുക്കളില് നിന്നും പരോളിനായി കൈക്കൂലി വാങ്ങിയെന്നാണ് പ്രാഥമിക കണ്ടെത്തല്. പലരില് നിന്നും ഗൂഗിള് പേ വഴിയാണ് പണം കൈപ്പറ്റിയത്. തടവുകാര്ക്ക് ജയിലിനുള്ളില് വഴിവിട്ട സൗകര്യങ്ങള് ഒരുക്കുന്നതിനും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും ഇദ്ദേഹം പണം വാങ്ങിയതായി ആരോപണമുണ്ട്. 2024 മാര്ച്ച് മുതല് 2025 നവംബര് വരെ 1.8 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില് ഈ മാസം 16-നാണ് വിജിലന്സ് ആദ്യ കേസ് രജിസ്റ്റര് ചെയ്തത്.

സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരില് നിന്നും ഡി.ഐ.ജി പണം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. വിജിലന്സ് ഡയരക്ടര് മനോജ് എബ്രഹാം നേതൃത്വം നല്കുന്ന തിരുവനന്തപുരം സ്പെഷല് യൂനിറ്റാണ് കേസില് അന്വേഷണം നടത്തുന്നത്. എ.ഡി.ജി.പി കഴിഞ്ഞാല് തൊട്ടടുത്ത പ്രധാനപ്പെട്ട പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി. പതിവായി തടവുകാരില് നിന്നു പണം വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
