മുല്ലപ്പെരിയാര്‍: ബലക്ഷയം നിര്‍ണയത്തിനായി പരിശോധന ഇന്ന്; ഫ്രാൻസില്‍ നിന്നെത്തിച്ച ഉപകരണവുമായി വിദഗ്ധര്‍

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയ പരിശോധന ഇന്ന്. വെള്ളത്തിനടിയില്‍ ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേക ആർഒവി സംവിധാനം (ROV – Remotely Operated Vehicle) ഉപയോഗിച്ചാണ് പരിശോധന.അണക്കെട്ടിന്റെ ഭിത്തികള്‍ക്ക് എത്രത്തോളം ബലക്ഷയമുണ്ടെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.
ഫ്രാൻസില്‍ നിന്ന് എത്തിച്ച അത്യാധുനിക ഉപകരണമാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. ഡല്‍ഹിയിലെ സി.എസ്.എം.ആർ.എസ് (CSMRS) സ്ഥാപനത്തില്‍ നിന്നുള്ള നാല് വിദഗ്ധർ ഇതിന് നേതൃത്വം നല്‍കും.

1200 അടി നീളമുള്ള അണക്കെട്ടിനെ ആദ്യം 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. തുടർന്ന്, കൂടുതല്‍ കൃത്യതയ്ക്കായി 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് വീണ്ടും പരിശോധന തുടരും.
അണക്കെട്ടിന്റെ ഭിത്തിയിലെ സിമന്റ് അടർന്നുപോയിട്ടുണ്ടോ എന്നും നിർമ്മാണത്തിന് ഉപയോഗിച്ച സുർക്കി മിശ്രിതം നഷ്ടപ്പെട്ട് കല്ലുകള്‍ പുറത്തുവന്നിട്ടുണ്ടോ എന്നും ഈ പരിശോധനയിലൂടെ അറിയാൻ സാധിക്കും. സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശത്തെത്തുടർന്നാണ് ഇപ്പോള്‍ ഇത്തരമൊരു ശാസ്ത്രീയ പരിശോധന നടത്തുന്നത്.

നേരത്തെ, കേരളം നടത്തിയ പഠനങ്ങളില്‍ അണക്കെട്ടിന്റെ പല ഭാഗങ്ങളിലും ബലക്ഷയമുള്ളതായി കണ്ടെത്തിയിരുന്നു. പുതിയ പരിശോധനാ ഫലം അണക്കെട്ടിന്റെ സുരക്ഷാ കാര്യത്തില്‍ വളരെ നിർണ്ണായകമാണ്.
