മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ചോദ്യം; ജാമിയ മിലിയ സര്‍വകലാശാല പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാല പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു. സോഷ്യല്‍ വര്‍ക്ക് വിഭാഗം പ്രൊഫ. വീരേന്ദ്ര ബാലാജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ഉദാഹരണ സഹിതം ചര്‍ച്ച ചെയ്യുക എന്ന ചോദ്യം പരീക്ഷാപേപ്പറില്‍ ഉള്‍പ്പെടുത്തിയതിലാണ് നടപടി. എന്തിനാണ് ചോദ്യപേപ്പറില്‍ ഇത്തരമൊരു ചോദ്യം ഉള്‍പ്പെടുത്തിയതെന്ന് അധ്യാപകന്‍ വിശദീകരിക്കണമെന്ന് സര്‍വകലാശാല പറയുന്നു.

ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉദാഹരണങ്ങള്‍ സഹിതം വിശദീകരിക്കുക എന്നതായിരുന്നു ചോദ്യപേപ്പറിലെ ചോദ്യം. മുപ്പത് മാര്‍ക്കിനുളള ഉപന്യാസ ചോദ്യമായിരുന്നു ഇത്. ഈ ചോദ്യത്തിനെതിരെ നിരവധി പരാതികള്‍ വന്നതിന് പിന്നാലെയാണ് സര്‍വകലാശാല പ്രൊഫസര്‍ക്കെതിരെ നടപടിയെടുത്തത്. വീരേന്ദ്ര ബാലാജിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും സര്‍വകലാശാല വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും തീരുമാനമായി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഡല്‍ഹി വിട്ട് പോകരുതെന്നാണ് നിര്‍ദേശം. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ അശ്രദ്ധയുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബിഎ (ഓണേഴ്‌സ്) സോഷ്യല്‍ വര്‍ക്ക് ഒന്നാം സെമസ്റ്റര്‍ പരീക്ഷയിലാണ് വിവാദ ചോദ്യം ഉണ്ടായിരുന്നത്.

