‘സോണിയ ഗാന്ധിയെ ആർക്കും കാണാം, ഫോട്ടോ എടുക്കാം’; പോറ്റിയുമായുള്ള ചിത്രത്തിൽ വി ഡി സതീശൻ

സോണിയ ഗാന്ധിയുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സിപിഐഎം വിമർശനങ്ങൾക്ക് മറുപടിയുമായി വി ഡി സതീശൻ. സോണിയ ഗാന്ധിയെ ആർക്ക് വേണമെങ്കിലും കാണാമെന്നും ഫോട്ടോ എടുക്കാമെന്നും ഇത്തരക്കാർ പല പ്രധാനപ്പെട്ട ആളുകളെയും കണ്ടും ഫോട്ടോ എടുത്തും കാണുമെന്നുമായിരുന്നു സതീശന്റെ മറുപടി. മുഖ്യമന്ത്രിയുടെ കൂടെ ഫോട്ടോ എടുക്കാമെങ്കിൽ സോണിയ ഗാന്ധിയുടെ കൂടെ എടുത്തുകൂടെ എന്നും സതീശൻ ചോദിച്ചു.

സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസിനെതിരായ പ്രചാരണ ആയുധമാക്കിയിരിക്കുകയാണ് സിപിഐഎം. സ്വർണ്ണക്കൊള്ള നടത്തിയ പ്രതികളെ സിപിഐഎം ഇപ്പോഴും സംരക്ഷിക്കുന്നുവെന്നും ഇത് മറച്ചുവെക്കാനാണ് സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുന്നത് എന്നുമാണ് സതീശൻ പറഞ്ഞത്. ഇത്തരക്കാർ പലർക്കുമൊപ്പം ഫോട്ടോ എടുക്കുമെന്നും മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ ഉണ്ടെങ്കിലും തങ്ങൾ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല എന്നും സതീശൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സോണിയയുടെ അടുത്ത് ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെയെത്തി, ആരാണ് അപ്പോയിന്റ്മെന്റ് എടുത്ത് നൽകിയത് എന്നറിയില്ല എന്നുമായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. എന്തിനാണ് കണ്ടത് എന്നും തമ്മിൽ അറിയില്ല എന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. വിഷയത്തിൽ സിപിഐഎം – കോൺഗ്രസ് പോര് കടുക്കുകയാണ്.

