ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

മംഗളൂരു: സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലുള്ള നോണ്‍ ഇന്റര്‍ലോക്കിങ് (എന്‍.ഐ) ജോലികള്‍ സുഗമമാക്കുന്നതിനു വേണ്ടി ഭാഗിക റദ്ദാക്കലുകള്‍, ഉത്ഭവ പോയന്റുകളിലെ മാറ്റങ്ങള്‍, വഴിതിരിച്ചുവിടല്‍, നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നിരവധി ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റങ്ങള്‍ വരുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ജനുവരി മൂന്നിന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ നമ്ബര്‍ 16319 തിരുവനന്തപുരം നോര്‍ത്ത് എസ്.എം.വി.ടി ബംഗളൂരു ഹംസഫര്‍ ദ്വൈവാര എക്‌സ്പ്രസ് ബംഗളൂരു കന്റോണ്‍മെന്റില്‍ സര്‍വിസ് അവസാനിപ്പിക്കും. ബൈയപ്പനഹള്ളിക്കും എസ്.എം.വി.ടി ബംഗളൂരുവിനും ഇടയില്‍ സര്‍വിസ് ഭാഗികമായും റദ്ദാക്കും. ജനുവരി മൂന്നിന് കണ്ണൂരില്‍നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്ബര്‍ 16512 കണ്ണൂര്‍ കെ.എസ്.ആര്‍ ബംഗളൂരു എക്‌സ്പ്രസ് യശ്വന്ത്പൂര്‍ ജങ്ഷനില്‍ സര്‍വിസ് അവസാനിപ്പിക്കും.

ജനുവരി മൂന്നിനും നാലിനും യാത്ര ആരംഭിക്കുന്ന ട്രെയിന്‍ നമ്ബര്‍ 16378 എറണാകുളം ജങ്ഷന്‍ കെ.എസ്.ആര്‍ ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് ബൈയപ്പനഹള്ളിയില്‍ സര്‍വിസ് അവസാനിപ്പിക്കും. ബൈയപ്പനഹള്ളിക്കും കെ.എസ്.ആര്‍ ബംഗളൂരുവിനും ഇടയില്‍ സര്‍വിസ് ഭാഗികമായി റദ്ദാക്കും.
ജനുവരി നാലിന് വൈകുന്നേരം ഏഴിന് ബംഗളൂരു എസ്.എം.വി.ടിയില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്ബര്‍ 16320 എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് ഹംസഫര്‍ ബൈവീക്ക്‌ലി എക്‌സ്പ്രസ് അതേസമയം തന്നെ ബംഗളൂരു കന്റോണ്‍മെന്റില്‍നിന്ന് പുറപ്പെടും. എസ്.എം.വി.ടി ബംഗളൂരുവിനും ബൈയപ്പനഹള്ളിക്കും ഇടയില്‍ സര്‍വിസ് ഭാഗികമായി റദ്ദാക്കും.

ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ നമ്ബര്‍ 16511 കെഎസ്‌ആര്‍ ബംഗളൂരുകണ്ണൂര്‍ എക്‌സ്പ്രസ്, കെ.എസ്.ആര്‍ ബംഗളൂരുവിന് പകരം രാത്രി 9.47ന് യശ്വന്ത്പൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടുന്നതാണ്. കെ.എസ്.ആര്‍ ബംഗളൂരുവിനും യശ്വന്ത്പൂര്‍ ജങ്ഷനും ഇടയില്‍ സര്‍വിസ് ഭാഗികമായി റദ്ദാക്കുകയും ചെയ്യും.
ജനുവരി നാലിനും അഞ്ചിനും യാത്ര ആരംഭിക്കുന്ന ട്രെയിന്‍ നമ്ബര്‍ 16377 കെ.എസ്.ആര്‍ ബംഗളൂരുഎറണാകുളം ജങ്ഷന്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കെ.എസ്.ആര്‍ ബംഗളൂരുവിന് പകരം രാവിലെ 6.20ന് ബംഗളൂരു കന്റോണ്‍മെന്റില്‍നിന്ന് പുറപ്പെടും.
കെ.എസ്.ആര്‍ ബംഗളൂരുവിനും ബംഗളൂരു കന്റോണ്‍മെന്റിനും ഇടയില്‍ ട്രെയിന്‍ ഭാഗികമായി റദ്ദാക്കും. ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ നമ്ബര്‍ 16565 യശ്വന്ത്പൂര്‍ ജങ്ഷന്‍ മംഗളൂരു സെന്‍ട്രല്‍ വീക്ക്‌ലി എക്‌സ്പ്രസ്, ലോട്ടെഗൊല്ലഹള്ളി, യെലഹങ്ക ജങ്ഷന്‍, കൃഷ്ണരാജപുരം വഴി സര്‍വിസ് നടത്തും. ബനസ്വാഡിയിലെ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ് ഒഴിവാക്കും. ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ നമ്ബര്‍ 12683 എറണാകുളം ജങ്ഷന്‍ എസ്.എം.വി.ടി ബംഗളൂരു ട്രൈവീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് വഴിയില്‍ ഒരു മണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
