ചരിത്രം പിറന്നു; ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത് ലോക റെക്കോര്‍ഡ്

തിരുവനന്തപുരം: ശ്രീലങ്കൻ വനിതകള്‍ക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്ക ഉയർത്തിയ 113 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 13.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗും രേണുക സിംഗിന്റെ തീപ്പൊരി ബൗളിംഗുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. 42 പന്തില്‍ പുറത്താവാതെ 79 റണ്‍സ് അടിച്ചുകൂട്ടിയ ഷെഫാലി വർമയാണ് വിജയശില്പി. മൂന്ന് സിക്സറുകളും 11 ഫോറുകളും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. സ്മൃതി മന്ദാന (1), ജമീമ റോഡ്രിഗസ് (9) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ (21*) കൂട്ടുപിടിച്ച് ഷെഫാലി ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

ഈ വിജയത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഒരു ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. ഇന്റർനാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ക്യാപ്റ്റനായി മാറാനാണ് ഹർമൻപ്രീതിനു സാധിച്ചത്. ഇന്ത്യയെ 77 മത്സരങ്ങളില്‍ വിജയിപ്പിച്ചുകൊണ്ടാണ് ഹർമൻപ്രീത് ഈ റെക്കോർഡ് കൈവരിച്ചത്. 76 മത്സരങ്ങള്‍ വിജയിച്ച ഓസ്ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിങ്ങിനെ മറികടന്നാണ് ഇന്ത്യൻ ക്യാപ്റ്റന്റെ കുതിപ്പ്.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. നാല് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയുമാണ് ലങ്കൻ നിരയെ തകർത്തത്. 27 റണ്‍സ് നേടിയ ഇമേഷ ദുലനിയാണ് ലങ്കയുടെ ടോപ് സ്കോറർ. ഹസിനി പെരേര (25), കൗഷിനി നുത്യാഗന (19*) എന്നിവർ പൊരുതിയെങ്കിലും നിശ്ചിത ഓവറില്‍ വലിയ സ്കോർ പടുത്തുയർത്താൻ ലങ്കയ്ക്കായില്ല. ക്യാപ്റ്റൻ ചമാരി അത്തപ്പത്തു (0) നിരാശപ്പെടുത്തി.

