റോഡ് വികസനം: അല്‍ വര്‍ഖ 1 ലേക്കുള്ള പ്രവേശന കവാടം നാളെ അടയ്ക്കും; ബദല്‍ മാര്‍ഗങ്ങള്‍ അറിയാം

ദുബൈ: റാസ് അല്‍ ഖോർ റോഡില്‍ നിന്നും അല്‍ വർഖ 1-ലേക്ക് പ്രവേശിക്കുന്ന കവാടം താല്‍ക്കാലികമായി അടച്ചിടുമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.അല്‍ വർഖ പ്രദേശത്തെ റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. ഈ മേഖലയിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായാണ് പുതിയ എൻട്രി-എക്സിറ്റ് പാതകള്‍ നിർമ്മിക്കുന്നത്.
ഡിസംബർ 28 പുലർച്ചെ 1:00 മണി മുതല്‍ ഡിസംബർ 29 പുലർച്ചെ 1:00 മണി വരെയാണ് റോഡ് അടച്ചിടുക. ഈ സമയം, യാത്രക്കാർ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അല്‍ജീരിയ സ്ട്രീറ്റ്, ട്രിപ്പോളി സ്ട്രീറ്റ് തുടങ്ങിയ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
• റാസ് അല്‍ ഖോർ റോഡില്‍ നിന്ന് അല്‍ വർഖ 1-ലേക്ക് പ്രവേശിക്കുന്ന കവാടമാണ് അടയ്ക്കുന്നത്.
• ഡ്രൈവർമാർ ട്രാഫിക് സൈനുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം.
• യാത്രാ തടസ്സങ്ങള്‍ ഒഴിവാക്കാൻ നേരത്തെ തന്നെ യാത്രകള്‍ ആസൂത്രണം ചെയ്യുക
അല്‍ വർഖ മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും, പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ആർടിഎ അഭ്യർത്ഥിച്ചു.

