Fincat

2025ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍


ന്യൂഡല്‍ഹി: 2025ല്‍ 81 രാജ്യങ്ങളില്‍ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങള്‍ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകള്‍ രാജ്യസഭയില്‍ വെച്ചു.കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യയാണ്. 11,000ത്തില്‍ അധികം ഇന്ത്യക്കാരെയാണ് 2025ല്‍ സൗദി അറേബ്യ നാടുകടത്തിയത്. ഈ പട്ടികയില്‍ അമേരിക്കയാണ് രണ്ടാമത്. 2025ല്‍ 3800ല്‍ അധികം ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയത്.

അമേരിക്ക നാടുകടത്തിയവരില്‍ ഭൂരിപക്ഷവും സ്വകാര്യ ജീവനക്കാരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ ഏറ്റവും ഉയർന്ന കണക്കാണിതെന്നാണ് റിപ്പോർട്ട്. ഡോണള്‍‍ഡ് ട്രംപ് ഭരണകൂടം അടുത്തിടെ ആവിഷ്കരിച്ച കർശന നടപടികളും രേഖകളുടെ പരിശോധനയും, വിസ സ്റ്റാറ്റസ്, വർക്ക് ഓതറൈസേഷൻ, ഓവർസ്റ്റേകള്‍ തുടങ്ങിയവയും ഇന്ത്യക്കാരുടെ നാടുകടത്തലിന് കാരണമായി. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാർ നാടുകടത്തപ്പെട്ടത്. 3,414 പേരെയാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും നാടുകടത്തിയത്. ഹ്യൂസ്റ്റണില്‍ നിന്നും 234 ഇന്ത്യക്കാരെ നാടുകടത്തി.

1 st paragraph

നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മ്യാൻമാറാണ്. 1591 ഇന്ത്യക്കാരെയാണ് മ്യാൻമാർ നാടുകടത്തിയത്. നാലാമതുള്ള മലേഷ്യ 1,485 ഇന്ത്യക്കാരെ നാടുകടത്തി. യുഎഇ 1469, ബഹ്‌റൈൻ 764, തായ്‌ലൻഡ് 481, കംബോഡിയ 305 തുടങ്ങിയ രാജ്യങ്ങളാണ് ഗണ്യമായ തോതില്‍ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യങ്ങള്‍. ബ്രിട്ടനില്‍ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ നാടുകടത്തല്‍ നിരക്കും ഉയർന്നിട്ടുണ്ട്. 2025 ല്‍ 170 പേരെയാണ് നാടുകടത്തിയത്. ഓസ്‌ട്രേലിയ 114, റഷ്യ 82, അമേരിക്ക 45 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് നാടുകടത്തിയ വിദ്യാർത്ഥികളുടെ എണ്ണം. വിസ അല്ലെങ്കില്‍ റെസിഡൻസി കാലാവധി കഴിഞ്ഞിട്ടും തുടരുക, സാധുവായ വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുക, തൊഴില്‍ ചട്ടങ്ങളുടെ ലംഘനം, തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടല്‍, സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കേസുകളില്‍ ഏർപ്പെടല്‍ എന്നിവയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരുടെ നാടുകടത്തലിനുള്ള പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് മ്യാൻമർ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരുടെ നാടുകടത്തല്‍. ഉയർന്ന ശമ്ബളമുള്ള ജോലികള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ ആകർഷിക്കുകയും പിന്നീട് അവരെ കുടുക്കുകയും നിയമവിരുദ്ധമായ സൈബർ പ്രവർത്തനങ്ങളില്‍ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ഒടുവില്‍ കസ്റ്റഡിയിലെടുക്കുകയും നാടുകടത്തുകയും ചെയ്യുന്നതാണ് ഇവിടങ്ങളിലെ രീതി. കോടിക്കണക്കിന് ഡോളർ തട്ടിപ്പ് നടക്കുന്ന സൈബർ കുറ്റകൃത്യ വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളായി ഈ രാജ്യങ്ങള്‍ മാറിയതാണ് ഇത്തരം സാഹചര്യത്തിന് കാരണമാകുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

2nd paragraph