സ്മൃതി മന്ദാനയ്ക്കും ഷഫാലിക്കും ഫിഫ്റ്റി; ശ്രീലങ്കയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ശ്രീലങ്കൻ വനിതകള്‍ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. കാര്യവട്ടത്ത് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ വനിതകള്‍ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 221 റണ്‍സ് അടിച്ചെടുത്തു.ഓപ്പണർമാരുടെ അർധ സെഞ്ച്വറികളാണ് ഇന്ത്യയെ വമ്ബൻ സ്കോറിലെത്തിച്ചത്. 48 പന്തില്‍ 80 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ആദ്യ മൂന്ന് മത്സരവും വിജയിച്ച ഇന്ത്യ പരമ്ബര സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സ്മൃതി മന്ദാനയാണ് ഇത്തവണ മികച്ച രീതിയിലാണ് ബാറ്റുവീശിയത്. പവർപ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സ് ഷഫാലിയും മന്ദാനയും ചേർന്ന് അടിച്ചെടുത്തു. 30 പന്തില്‍ ഷഫാലിയും 35 പന്തില്‍ സ്മൃതി മന്ദാനയും അർധ സെഞ്ച്വറി തികച്ചു.

ഒന്നാം വിക്കറ്റില്‍ 162 റണ്‍സാണ് മന്ദാന-ഷഫാലി സഖ്യം കൂട്ടിച്ചേർത്തത്. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 46 പന്തുകളില്‍ 79 റണ്‍സ് നേടി ഷഫാലി മടങ്ങിയതിന് പിന്നാലെ 48 പന്തില്‍ 80 റണ്‍സ് നേടി സ്മൃതിയും മടങ്ങി. പിന്നാലെയെത്തിയ റിച്ച ഘോഷും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തകർത്തടിച്ചതോടെ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി. 16 പന്തില്‍ 40 റണ്‍സുമായി റിച്ച ഘോഷും 10 പന്തില്‍ 16 റണ്‍സ് നേടി ഹർമൻപ്രീത് കൗറും പുറത്താകാതെ നിന്നു.
