താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ മരണം അണുബാധമൂലം; സ്ഥിരീകരിച്ച് ഡിഎംഒ

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ മരണ കാരണം അണുബാധയും രക്തസമ്മര്‍ദം അപകടകരമായ നിലയില്‍ താഴ്ന്നതുമാണെന്ന് സ്ഥിരീകരിച്ച് ഡിഎംഒ.പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യ ഡയറക്ടര്‍ക്ക് കൈമാറി. രണ്ട് ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. അണുബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഡയാലിസിസിന് ഉപയോഗിക്കുന്ന വെള്ളവും മരുന്നും പരിശോധനയ്ക്കയച്ചിട്ടുണ്ട്. ആരോഗ്യ ഡയറക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ അന്വേഷണവും തുടരുകയാണ്.കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. ഡയാലിസിസിനിടെ വിറയലും ഛര്‍ദ്ദിയും ഉണ്ടായ രണ്ട് പേര്‍ ചികിത്സയില്‍ തുടരുകയാണ്. പരാതിക്ക് പിന്നാലെ ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടി.സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.

