ഒമാന്റെ ആകാശത്ത് ക്വാഡ്രാന്റിഡ് ഉല്‍ക്കാവര്‍ഷം; ഇന്ന് വൈകുന്നേരവും നാളെ പുലര്‍ച്ചയുമായി കാണാം

ഒമാന്റെ ആകാശത്ത് ഇന്ന് വൈകുന്നേരവും നാളെ പുലർച്ചെയുമായി ക്വാഡ്രാന്റിഡ് ഉല്‍ക്കാവർഷം കാണാൻ കഴിയുമെന്ന് ഒമാനി സൊസൈറ്റി ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് വൈസ് പ്രസിഡന്റ് വിസാല്‍ ബിൻത് സലേം അല്‍ ഹിനായ്.ക്വാഡ്രാന്റിഡ് ഗണത്തില്‍ പെട്ട ഈ ഉല്‍ക്കാ വർഷം കുറച്ച് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുമെന്നും അനുയോജ്യമായ നിരീക്ഷണ സാഹചര്യങ്ങളില്‍, മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ ദൃശ്യമായേക്കാമെന്നും ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കി.
ജ്യോതിശാസ്ത്രപരമായി ഒരു ഛിന്നഗ്രഹമായി തരംതിരിച്ചിരിക്കുന്ന ഭൂമിക്കു സമീപമുള്ള ഒരു വസ്തുവാണ് ക്വാഡ്രാന്റിഡ്. പ്രവർത്തനം നഷ്ടപ്പെട്ട ഒരു പുരാതന വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടമാണിതെന്ന് അതിന്റെ ചലനാത്മക സവിശേഷതകള്‍ സൂചിപ്പിക്കുന്നു. 2003ല്‍ കണ്ടെത്തിയ ഈ വസ്തു സൂര്യനുചുറ്റും വളരെ നീളമേറിയ ഒരു ഭ്രമണപഥത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. ഏകദേശം അഞ്ചര വർഷത്തിലൊരിക്കല്‍ ഒരു ചക്രം പൂർത്തിയാക്കുകയും ചെയ്യുന്നു.

ഉയർന്ന വേഗതയും ശ്രദ്ധേയമായ തെളിച്ചവുമാണ് ക്വാഡ്രാന്റിഡ് ഉല്‍ക്കകളുടെ സവിശേഷത, പലപ്പോഴും നീലകലർന്ന വെള്ള നിറത്തില്‍ കാണപ്പെടുന്നു. ചില ഉല്‍ക്കകള്‍ മങ്ങുന്നതിന് മുമ്ബ് കുറച്ച് നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന പുക നിറഞ്ഞ പാതകള്‍ അവശേഷിപ്പിച്ചേക്കുമെന്നും ഈ വർഷത്തെ ഏറ്റവും വലിപ്പമേറിയ പൂർണചന്ദ്രനുമായി ഒത്തുചേരുന്നതിനാല്‍ ആകാശത്തിന്റെ തെളിച്ചം വർധിക്കുമെന്നും ഇത് മങ്ങിയ ഉല്‍ക്കകളുടെ നിരീക്ഷണത്തെ തടസപ്പെടുത്തുമെന്നും അല്‍ ഹിനായ് ചൂണ്ടിക്കാട്ടി.
ശക്തമായ ചന്ദ്രപ്രകാശം ദൃശ്യതീവ്രത കുറയ്ക്കുകയും നഗ്നനേത്രങ്ങള്‍ക്ക് ഏറ്റവും തിളക്കമുള്ള ഉല്‍ക്കകളെ മാത്രം ദൃശ്യമാക്കുകയും ചെയും. പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് ക്വാഡ്രാന്റിഡ് ഉല്‍ക്കാവർഷം നിരീക്ഷിക്കാൻ കഴിയുമെന്ന് അല്‍ ഹിനായി വിശദീകരിച്ചു.

ഒമാന്റെ ആകാശത്ത് നിരവധി ശോഭയുള്ള ശൈത്യകാല നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനൊപ്പം വ്യത്യസ്ത നിറങ്ങളും തെളിച്ചവുമുള്ള ചില ഗ്രഹങ്ങളുടെ ദൃശ്യങ്ങളോടൊപ്പം ഉല്‍ക്കാവർഷം ഒത്തു ചേരുമെന്നും അർദ്ധരാത്രി മുതല്‍ പ്രഭാതം വരെയുള്ള കാലയളവ് നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമെന്നും അദ്ദേഹം പറഞ്ഞു.
