കുമാര്‍ കുശാഗ്രയ്ക്ക് സെഞ്ച്വറി,നിരാശപ്പെടുത്തി ഇഷാന്‍ കിഷന്‍; കേരളത്തിന് കൂറ്റന്‍ വിജയലക്ഷ്യം

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ ജാർഖണ്ഡിനെതിരെ കേരളത്തിന് 312 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു.കുമാര്‍ കുശാഗ്രയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ജാർഖണ്ഡിന് കരുത്തായത്.
137 പന്തില്‍ 143 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കുമാര്‍ കുശാഗ്രയാണ് ജാര്‍ഖണ്ഡിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ 21 റണ്‍സെടുത്ത് നിരാശപ്പെടുത്തി. അനുകൂല്‍ റോയ് 72 റണ്‍സെടുത്തു. 111-4 എന്ന സ്കോറില്‍ പതറിയ ജാര്‍ഖണ്ഡിനെ കുമാര്‍ കുഷാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കരകയറ്റിയത്. കേരളത്തിന് വേണ്ടി എം ഡി നിധീഷ് നാലു വിക്കറ്റെടുത്തു.
അതേസമയം മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് വേണ്ടി സൂപ്പർ താരം സഞ്ജു സാംസണ്‍ കളിക്കുന്നുണ്ട്. ടൂർണമെന്റിലെ നിർണായക മത്സരത്തിലാണ് സഞ്ജു കേരളത്തിന്റെ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചുവന്നിരിക്കുന്നത്.

