MX

പക്ഷിപ്പനിയും വിലക്കയറ്റവും ബാധിച്ചില്ല;പുതുവത്സരത്തിന് മലയാളി കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി


തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. സംസ്ഥാനത്ത് പക്ഷിപ്പനി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഡിസംബര്‍ 31 ന് 9.04 ലക്ഷം രൂപയുടെ കോഴിയിറച്ചി അധികം വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പക്ഷിപ്പനി പടരുന്നതിന് പിന്നാലെ ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഈ വര്‍ഷവും കച്ചവടത്തിന് കുറവുണ്ടായിരുന്നില്ല. താരതമ്യേന ഇത്തവണ ഇറച്ചിക്ക് വില കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ആവശ്യക്കാരെ ബാധിച്ചില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

സംസ്ഥാനത്ത് ഒരു സാധാരണ ദിവസം വീടുകളിലേക്കും ഭക്ഷണശാലകളിലേക്കുമായി ശരാശരി 22.6 ലക്ഷം കിലോ കോഴിയിറച്ചിയുടെ ചിലവാണ് ഉണ്ടാവുക. ആഘോഷ ദിവസങ്ങളില്‍ വില്‍പ്പനയില്‍ 40 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്ന് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവുമധികം കോഴിയിറച്ചി വില്‍പ്പന നടന്നത്. 3.5 ലക്ഷം കിലോ വീതം ഓരോ ജില്ലയിലും കച്ചവടം നടന്നു. 3.15 ലക്ഷം കിലോയുടെ വില്‍പ്പന നടന്ന തൃശ്ശൂരും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്ത്. 84,000 കിലോ കോഴിയിറച്ചി വിറ്റ വയനാടാണ് ഏറ്റവും വില്‍പ്പനയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആഘോഷങ്ങളില്‍ വിറ്റിരുന്ന കോഴിയിറച്ചി പരമാവധി 22 ലക്ഷം മാത്രമായിരുന്നു.
സംസ്ഥാനത്ത് ലൈവ് ചിക്കന് ഒരു കിലോ 164 രൂപ മുതല്‍ 168 രൂപ വരെയാണ് വില. പ്രാദേശികമായി ഈ വിലയില്‍ ചില മാറ്റങ്ങളുണ്ടാകാം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണമായ ബിരിയാണി മുതല്‍ ഇടക്കാലത്ത് കേരളത്തിലെത്തി മനസില്‍ ഇടംപിടിച്ച അല്‍ഫാമും മന്തിയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ തയ്യാറാക്കാന്‍ കോഴിയിറച്ചി ആവശ്യമാണ്. പ്രായഭേദമന്യേ ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാന്‍ തുടങ്ങിയതോടെ കോഴിയിറച്ചിക്ക് മാര്‍ക്കറ്റില്‍ ഡിമാന്റ് കൂടി. ആവശ്യകത കൂടി വരുന്ന സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത. ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് കാരണമാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറച്ചി കൂടുതലായി എത്തിക്കേണ്ട സാഹചര്യമുണ്ട്.

1 st paragraph